കണ്ണൂർ: അന്തരിച്ച മുതിർന്ന സി.പി.എം. നേതാവ് എ.വി. ബാലന് അന്ത്യാഭിവാദ്യമർപ്പിച്ചുള്ള ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചതിനു പിന്നാലെ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് രൂക്ഷവിമർശനം. ബാലനെ അനുസ്മരിച്ച് ഒരു വാക്കുപോലുമെഴുതാതെ ചിത്രങ്ങൾ മാത്രം പങ്കുവെച്ചത് കമന്റ് ബോക്‌സിൽ രൂക്ഷവിമർശനത്തിനിടയാക്കി. ‘അന്ത്യാഭിവാദ്യങ്ങൾ സഖാവെ’ എന്ന് മാത്രമുള്ള തലക്കെട്ടോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
മുൻ പാനൂർ ഏരിയ സെക്രട്ടറിയും പ്രദേശത്തെ സി.പി.എമ്മിന്റെ വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച നേതാവുമായ എ.വി. ബാലനെക്കുറിച്ച് രണ്ടുവാക്കുപോലും എഴുതാതെ പോസ്റ്റിട്ടതിലാണ് വിമർശനം. ഫോട്ടോയെടുക്കാൻവേണ്ടി മരിച്ചതാണോ, മരിച്ചത് പേരില്ലാത്തയാളാണോ, ബാലേട്ടനെ അറിയാത്ത നിങ്ങൾ പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ.
ജില്ലാ സെക്രട്ടറിക്ക് സമയമില്ലാത്തതിനാൽ എ.വി.യെക്കുറിച്ച് തങ്ങൾ വിവരിച്ചുതരാം എന്ന് ഓർമക്കുറിപ്പെഴുതിയവരുമുണ്ട്. പാർട്ടിയോട് സ്‌നേഹമുണ്ടെങ്കിൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നും അഭ്യർഥനകളുണ്ട്. പാനൂർ മേഖലയിൽ സി.പി.എമ്മിനെ കെട്ടിപ്പടുക്കുന്നതിൽ ത്യാഗോജ്ജ്വലമായ പങ്കുവഹിച്ച വ്യക്തിയാണ് എ.വി. എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന എ.വി. ബാലൻ.
Leave a Comment
Your comment will be visible after admin approval.