മലയാളി സംഘടനകളെ ഒരേ വേദിയിൽ അണിനിരത്താൻ ഐപിസിഎൻഎ റൗണ്ട് ടേബിൾ കോൺഫറൻസ്; ചിക്കാഗോ ചാപ്റ്ററിന്റെ ഔപചാരിക ഉദ്ഘാടനവും ഡിസംബർ 11ന്

Global Indian Writer · November 21, 2026 · 1 min read · 0 Comments · 0 Shares

അനിൽ മറ്റത്തിക്കുന്നേൽ

ചിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA) റൗണ്ട് ടേബിൾ കോൺഫറൻസും ചിക്കാഗോ ചാപ്റ്ററിന്റെ ഔപചാരിക ഉദ്ഘാടനവും ഡിസംബർ 11 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും. മോർട്ടൺ ഗ്രോവിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ഹാളാണ് വേദി. ഐപിസിഎൻഎ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിക്കാഗോ ചാപ്റ്ററാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകൾക്കിടയിൽ ഐക്യവും ആശയവിനിമയവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുകയാണ് റൗണ്ട് ടേബിൾ കോൺഫറൻസിന്റെ പ്രധാന ലക്ഷ്യം. ചിക്കാഗോയിലെയും സമീപപ്രദേശങ്ങളിലെയും പ്രമുഖ മലയാളി സംഘടനകളുടെ നേതാക്കളെയും പ്രതിനിധികളെയും ഒരേ വേദിയിൽ അണിനിരത്തി സമൂഹം നേരിടുന്ന സമകാലീന വെല്ലുവിളികളെക്കുറിച്ച് തുറന്ന ചർച്ചകൾക്ക് അവസരമൊരുക്കും.

വ്യത്യസ്ത ലക്ഷ്യങ്ങളോടെയും പ്രവർത്തനശൈലികളോടെയും പ്രവർത്തിക്കുന്ന മലയാളി സംഘടനകൾക്കിടയിൽ സൗഹൃദവും സഹകരണവും വളർത്തുന്നതിനും പൊതുവായ വിഷയങ്ങളിൽ കൂട്ടായ സമീപനം രൂപപ്പെടുത്തുന്നതിനും സമ്മേളനം വേദിയാകും. വിവിധ കാരണങ്ങളാൽ ഭിന്നിച്ചുനിൽക്കുന്ന സംഘടനകളെയും സംഘടനാ നേതൃത്വങ്ങളെയും അഭിപ്രായവ്യത്യാസങ്ങൾക്കതീതമായി ഒരുമിപ്പിക്കുക എന്ന സദുദ്ദേശവും ഈ സംരംഭത്തിനു പിന്നിലുണ്ട്.

സംഘടനാപരമായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും മലയാളി സമൂഹത്തിന്റെ പൊതുനന്മയ്ക്കും അഭിവൃദ്ധിക്കും വളർച്ചയ്ക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകൾ കണ്ടെത്തുകയാണ് ലക്ഷ്യം. സംഘടനകൾക്കിടയിലെ ആശയവിനിമയം, പരസ്പര സഹകരണം, സമൂഹത്തിന്റെ ഭാവി വികസനം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ പ്രസിഡന്റ് രാജു പള്ളത്ത്, പ്രസിഡന്റ് ഇലക്ട് ഷിജോ പൗലോസ്, നാഷണൽ സെക്രട്ടറി അനിൽ ആറന്മുള, നാഷണൽ ക്ഷർ ജയൻ ജോസഫ്, നാഷണൽ വൈസ് പ്രസിഡന്റ് അനിൽ മറ്റത്തി കുന്നേൽ, നാഷണൽ ജോയിന്റ് സെക്രട്ടറി സിമി ജസ്റ്റോ, നാഷണൽ ജോയിന്റ് ട്രഷറർ കവിത മേനോൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ, അഡ്വൈസറി ബോർഡ് അംഗങ്ങളായ മധു കൊട്ടാരക്കര, ബിജു കിഴക്കേക്കുറ്റ്, ശിവൻ മുഹമ്മ തുടങ്ങിയ പ്രമുഖ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.

റൗണ്ട് ടേബിൾ കോൺഫറൻസിനൊപ്പം ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന്റെ ഔപചാരിക ഉദ്ഘാടനവും നടക്കും. ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിപാടിയുടെ ആസൂത്രണവും സംഘാടനവും നിർവഹിക്കുന്നത്.

വ്യത്യസ്ത സംഘടനകളുടെ നേതാക്കൾക്ക് ഒരേ മേശയ്ക്കുചുറ്റുമിരുന്ന് ആശയങ്ങൾ പങ്കുവയ്ക്കാനും അഭിപ്രായങ്ങൾ അവതരിപ്പിക്കാനും പൊതുവായ താൽപര്യങ്ങൾ തിരിച്ചറിയാനും അവസരമൊരുക്കുന്നതിലൂടെ മലയാളി സമൂഹത്തിൽ കൂടുതൽ ഐക്യവും ക്രിയാത്മകമായ സഹകരണവും വളർത്തിയെടുക്കാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

മാധ്യമപ്രവർത്തനത്തിനൊപ്പം സാമൂഹിക ഐക്യത്തിനും കൂട്ടായ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഈ സംരംഭം മലയാളി സംഘടനകൾക്കിടയിൽ പുതിയൊരു സംവാദസംസ്കാരത്തിന് തുടക്കമിടാനുള്ള ശ്രമം കൂടിയാണ്.

ഡിസംബർ 11 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മോർട്ടൺ ഗ്രോവിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ചിക്കാഗോയിലെയും സമീപപ്രദേശങ്ങളിലെയും മലയാളി സംഘടനകളുടെ സജീവ പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.