ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം പ്രൗഢഗംഭീരമായി; കോട്ടയം എംപി ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു

Global Indian Writer · August 29, 2026 · 1 min read · 0 Comments · 0 Shares

മാർട്ടിൻ വിലങ്ങോലിൽ

ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്ററിന്റെ 2026-ലെ പ്രവർത്തന ഉദ്ഘാടനം വിൻധാം ഡി.എഫ്.ഡബ്ല്യു. എയർപോർട്ട് ഹോട്ടൽ വേദിയിൽ പ്രൗഢഗംഭീരമായി നടന്നു. മാധ്യമ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

കോട്ടയം എംപി കെ. ഫ്രാൻസിസ് ജോർജ് ഭദ്രദീപം കൊളുത്തി പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. രാഷ്ട്രനിർമാണത്തിൽ മാധ്യമങ്ങളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജനാധിപത്യം നിലനിൽക്കണമെങ്കിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം അനിവാര്യമാണ്. ഏതു സർക്കാരായാലും ഭയപ്പെടുന്നത് മാധ്യമങ്ങളെ മാത്രമാണെന്നും, പ്രവാസി മലയാളികളുടെ ഉന്നമനത്തിനും മാധ്യമ മേഖലയിലെ ഗുണപരമായ മാറ്റങ്ങൾക്കും പ്രസ് ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാപ്റ്റർ പ്രസിഡന്റ് സജി സ്റ്റാർലൈൻ അധ്യക്ഷത വഹിച്ചു. വരാനിരിക്കുന്ന ഐ.പി.സി.എൻ.എ. ദേശീയ സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളെപ്പറ്റിയും പുതിയ വർഷത്തെ പദ്ധതികളെപ്പറ്റിയും സജി സ്റ്റാർലൈൻ വിശദീകരിച്ചു. ഡാളസ് ചാപ്റ്റർ സെക്രട്ടറി സുധ പ്ലാക്കാട്ട് സ്വാഗതം ആശംസിച്ചു.

പ്രശസ്ത ചലച്ചിത്ര നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. മാധ്യമപ്രവർത്തനത്തിലൂടെയാണ് തന്റെ പൊതുജീവിതം തുടങ്ങിയതെന്നും തുടർന്നാണ് കലാരംഗത്തേക്ക് ചുവടുവെച്ചതെന്നും ദിവ്യ ഉണ്ണി അനുസ്മരിച്ചു.

കേരളാ എക്യൂമെനിക്കൽ ക്രിസ്റ്റ്യൻ ഫെലോഷിപ് ഡാളസ് പ്രസിഡന്റ് റവ. രാജു ഡാനിയേൽ, കേരളാ അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം, ഫോമാ വൈസ് പ്രസിഡന്റ് ഇലക്ട് സാം മത്തായി, വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ മുൻ പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ, ചലച്ചിത്ര നിർമ്മാതാവും മാധ്യമ പ്രവർത്തകയുമായ ലിസി ഫെർണാണ്ടസ് എന്നിവർ ആശംസാപ്രസംഗം നടത്തി.

ചാപ്റ്റർ ജോയിന്റ് സെക്രട്ടറി മാർട്ടിൻ വിലങ്ങോലിൽ നന്ദി പറഞ്ഞു. ചടങ്ങിന്റെ സ്പോൺസർമാരായ ഷിജു ഫൈനാൻഷ്യൽസ് ഉടമ ഷിജു എബ്രഹാം, ക്രൗൺ ട്രാവൽസ് & ത്രിവേണി ഇന്ത്യൻ സൂപ്പർ മാർക്കറ്റ് ആൻഡ് കിച്ചൺ ഉടമ സോബിൻ മാത്യു എന്നിവരുടെ സഹകരണത്തിന് ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

ഐ.പി.സി.എൻ.എ. ഡാളസ് ചാപ്റ്റർ ഭാരവാഹികളായ സജി സ്റ്റാർലൈൻ (പ്രസിഡന്റ്), ജോസ് പ്ലാക്കാട്ട് (വൈസ് പ്രസിഡന്റ്), സുധ പ്ലാക്കാട്ട് (സെക്രട്ടറി), മാർട്ടിൻ വിലങ്ങോലിൽ (ജോയിന്റ് സെക്രട്ടറി), തോമസ് കോശി (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിച്ചത്.

അമേരിക്കൻ മലയാളി സമൂഹത്തിന്റെ മാധ്യമ-സാംസ്കാരിക കൂട്ടായ്മ കൂടുതൽ ശക്തമാക്കുന്ന വേദിയായി ഉദ്ഘാടന സമ്മേളനം മാറി.

Share this story

Leave a Comment

Your comment will be visible after admin approval.