തിരുവനന്തപുരം: കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്ത് വിവിധ ജില്ലകളിൽ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, കാസർകോട്, കോട്ടയം, മലപ്പുറം, തൃശ്ശൂർ, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ (03-08-2026) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചത്.
ആലപ്പുഴയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല.
സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായി പെയ്ത മഴയിൽ ഇതുവരെ എട്ട് ജീവനുകളാണ് പൊലിഞ്ഞത്. എട്ടുപേരെ കാണാനില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുന്നു. വിവിധ മഴയപകടങ്ങളിൽ പരിക്കേറ്റ് 13 പേർ ചികിത്സയിൽ കഴിയുന്നു.
കാലാവസ്ഥാ മുന്നറിയിപ്പുകളുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി പെയ്തിറങ്ങിയ അതിതീവ്ര മഴ പലയിടങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ ശക്തി പ്രാപിച്ച മഴ രാത്രിയോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കനത്ത ദുരിതം വിതച്ചു.
Leave a Comment
Your comment will be visible after admin approval.