മാർട്ടിൻ വിലങ്ങോളിൽ
ഡാലസ്: ടെക്സാസിലെ ഫുട്ബോൾ പ്രേമികളെ ആവേശക്കൊടുമുടിയിലാഴ്ത്തിയ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ ഒരു ഗോളിന് തകർത്ത് സ്പെയിൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ എഴുപതിനായിരത്തിലധികം വരുന്ന കാണികളിൽ വലിയൊരു പങ്ക് ആവേശഭരിതരായ മലയാളി ഫുട്ബോൾ ആരാധകരുമുണ്ടായിരുന്നു. നിശ്ചിത സമയവും കഴിഞ്ഞ് അധികസമയത്തേക്ക് കളി നീങ്ങുമെന്ന് ഉറപ്പിച്ചിരുന്ന ഘട്ടത്തിൽ, ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിൽ മിഖേൽ മെറിനോ നേടിയ നാടകീയ ഗോളാണ് സ്പെയിനിന് ചരിത്രവിജയം സമ്മാനിച്ചത്.

ഈ കനത്ത പരാജയത്തോടെ ലോക ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയറിന് കണ്ണീരോടെയുള്ള അന്ത്യമായി.
മത്സരത്തിന്റെ ആദ്യപകുതി മുതൽ ഇരു ടീമുകളും കനത്ത ആക്രമണ-പ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞെങ്കിലും പ്രതിരോധക്കോട്ടകൾ തകർക്കാൻ ആർക്കും സാധിച്ചില്ല. പോർച്ചുഗലിന്റെ നുനോ മെൻഡിസിന്റെ ശക്തമായൊരു ഷോട്ട് സ്പെയിൻ ഗോൾപോസ്റ്റിന്റെ ക്രോസ്ബാറിൽ തട്ടി തെറിച്ചപ്പോൾ മലയാളി ആരാധകർ ഒന്നടങ്കം നെഞ്ചുരുകി.

മറുഭാഗത്ത് സ്പെയിൻ മുന്നേറ്റങ്ങളെ പോർച്ചുഗൽ ഗോളി ഡിയോഗോ കോസ്റ്റ അസാമാന്യ പ്രകടനത്തിലൂടെ തടഞ്ഞുനിർത്തി. രണ്ടാം പകുതിയിൽ ഇരു ടീമുകളും കൂടുതൽ ജാഗ്രതയോടെയാണ് കളിച്ചതെങ്കിലും കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ സ്പെയിൻ പരിശീലകൻ വരുത്തിയ മാറ്റങ്ങൾ കളിയുടെ ഗതി പൂർണ്ണമായി മാറ്റിമറിച്ചു.
ഇഞ്ചുറി ടൈമിൽ ലഭിച്ച ഫ്രീ കിക്ക് പോർച്ചുഗൽ പ്രതിരോധനിര റഫറിയോട് തർക്കിക്കുന്നതിനിടെ സ്പെയിൻ പെട്ടെന്ന് എടുത്തു. തുടർന്ന് ഫെറാൻ ടോറസ് നൽകിയ കൃത്യമായ പാസ് സ്വീകരിച്ച് മുന്നേറിയ മിഖേൽ മെറിനോ, ഡിയോഗോ കോസ്റ്റയെ പൂർണ്ണമായി പരാജയപ്പെടുത്തി പന്ത് വലയിലെത്തിക്കുകയായിരുന്നു.
ഡാലസിലെയും സമീപപ്രദേശങ്ങളിലെയും വലിയൊരു വിഭാഗം റൊണാൾഡോ ഫാൻസ് കൂട്ടത്തോടെ സ്റേഡിയത്തിലെത്തിയിരുന്നു. മലയാളി പോർച്ചുഗൽ-റൊണാൾഡോ ആരാധകർക്ക് കനത്ത നിരാശ നൽകുന്നതായിരുന്നു ഈ അന്ത്യം.

ഈ വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി 6 മത്സരങ്ങളിലെ മുഴുവൻ സമയങ്ങളിലും ഒരൊറ്റ ഗോൾ പോലും വഴങ്ങാതെ മുന്നേറുന്ന ആദ്യ ടീമെന്ന റെക്കോർഡും സ്പെയിൻ സ്വന്തമാക്കി. മറുവശത്ത്, തന്റെ ആറാമത്തെ ലോകകപ്പ് ടൂർണമെന്റ് കളിച്ച് കളംവിട്ട 41-കാരനായ റൊണാൾഡോയ്ക്ക് സ്പെയിൻ പ്രതിരോധപ്പൂട്ടിൽ കാര്യമായ അവസരങ്ങൾ കണ്ടെത്താനായില്ല.
രാജ്യത്തിനായി തന്റെ പരമാവധി നൽകിയെന്നും അഭിമാനത്തോടെയാണ് കളം വിടുന്നതെന്നും മത്സരശേഷം വികാരാധീനനായി റൊണാൾഡോ പ്രതികരിച്ചു. വെള്ളിയാഴ്ച കാലിഫോർണിയയിലെ ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്പെയിൻ ഇനി ബെൽജിയത്തെ നേരിടും.
Leave a Comment
Your comment will be visible after admin approval.