സാൻഹൊസെയിൽ പരി.കന്യാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു

Global Indian Writer · September 8, 2026 · 1 min read · 0 Comments · 0 Shares

സാൻ ഹൊസെ, കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ പ്രശസ്തമായ സിലിക്കൺ വാലിയിൽപ്പെട്ട സാൻ ഹൊസെയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. ഓഗസ്റ്റ് 20, 21, 22, 23 തീയതികളിലായിരുന്നു തിരുന്നാൾ ആഘോഷങ്ങൾ. തിരുന്നാളിന്റെ ആദ്യദിനമായ ഓഗസ്റ്റ് 20ന് മരിച്ചവരുടെ ഓർമദിവസത്തോടനുബന്ധിച്ച് വിശുദ്ധ കുർബാനയും ഒപ്പീസും നടത്തി. ഓഗസ്റ്റ് 21ന് വികാരി ഫാ. ജെമി പുതുശ്ശേരിൽ പ്രസുദേന്തി വാഴ്ചയും കൊടിയേറ്റും നടത്തി. തുടർന്ന് ഫാ. മാത്യു മേലേടത്തിന്റെ (ക്നാനായ റീജിയൻ ഡയറക്ടർ, കാനഡ) കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും അർപ്പിച്ചു. ഓഗസ്റ്റ് 22ന് വൈകിട്ട് വികാരി ഫാ. ജെമി പുതുശ്ശേരിൽ മുഖ്യ കാർമ്മികനായി ലദീഞ്ഞും വിശുദ്ധ കുർബാനയും നടന്നു. ഫാ. ഷോബി ചെറ്റിയാത്ത് കുർബാന മധ്യേ തിരുന്നാൾ സന്ദേശവും തിരുന്നാൾ മംഗളങ്ങളും നേർന്നു. പള്ളിയിലെ കർമ്മങ്ങൾക്കു ശേഷം പള്ളി ഹാളിൽ നടന്ന സ്നേഹവിരുന്നിൽ എല്ലാവരും പങ്കെടുക്കുകയും, അതോടൊപ്പം ന്യൂയോർക്കിൽ നിന്നുമുള്ള മെലഡീസ് ക്ലബ്ബിന്റെ സംഗീതവിരുന്ന് ഏവരും ഏറ്റവും അങ്ങേയറ്റം ആസ്വദിക്കുകയും ചെയ്തു.

മുഖ്യ തിരുന്നാൾ ദിനമായ ഓഗസ്റ്റ് 23ന് ആഘോഷപൂർവ്വമായ റാസ കുർബാന നടന്നു. ഫാ. ഷോബി ചെറ്റിയാത്ത് മുഖ്യ കാർമ്മികത്വം വഹിച്ച ഈ കുർബാനയിൽ ഫാ. ബോബൻ വട്ടംപുറത്ത്, ഫാ. മാത്യു മേലേടത്ത്, ഫാ. സാജു ജോസഫ്, ഇടവക വികാരി ഫാ. ജെമി പുതുശ്ശേരിൽ എന്നിവർ സഹ കാർമ്മികത്വം വഹിച്ചു. കുർബാന മധ്യേ ഫാ. ബോബൻ വട്ടംപുറത്ത് തിരുന്നാൾ സന്ദേശം നൽകി. കുർബാനയ്ക്കു ശേഷം ചെണ്ടമേളത്തോടുകൂടി ആഘോഷപരമായ പ്രദക്ഷിണം നടന്നു. നാട്ടിലെ പെരുന്നാളുകളെ ഓർമ്മപ്പെടുത്തും വിധം യുവജനവേദിയും KCYL, CML, കുട്ടികളും പലതരം സ്റ്റാളുകൾ സജ്ജീകരിച്ചിരുന്നു. സ്നേഹവിരുന്നിനിടയിൽ ഈ തിരുന്നാൾ മംഗളകരമായി നടത്തുവാൻ സഹായിച്ച ഇടവകാംഗങ്ങൾക്കൊപ്പം ഈ തിരുന്നാളിൽ സംബന്ധിച്ച എല്ലാ മലയാളി സമൂഹത്തോടുമുള്ള നന്ദിയും സ്നേഹവും ഇടവക വികാരി ഫാ. ജെമി പുതുശ്ശേരി രേഖപ്പെടുത്തി. ഈ തിരുന്നാൾ ഇത്രയും ഭംഗിയായി ഏറ്റെടുത്തു നടത്തിയ ഷിബു & ബിൻറ്റൂ പാലക്കാട്ടിനെ അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഇടവകയിലെ കൈക്കാരന്മാരായ അനിൽ കണ്ടാരപ്പള്ളിൽ, ഫ്രാൻസിസ് പാറത്തറ, ജോസ്ബിൻ കുന്നശ്ശേരിൽ, പാരിഷ് സെക്രട്ടറി താര മാവേലി, പാരിഷ് കൗൺസിൽ മെമ്പേഴ്സ്, Volunteers, KCCNC എക്സിക്യൂട്ടീവ്, CCD ടീച്ചേഴ്സ്, സാക്രിസ്റ്റൻസ് എന്നിവരും ഈ തിരുന്നാളിനു നേതൃത്വം നൽകി. കുർബാനയ്ക്കു ശേഷം നന്ദി പ്രസംഗത്തിൽ ഈ തിരുന്നാൾ ഭംഗിയായി നടത്തപ്പെടുവാൻ കാരണക്കാരായ എല്ലാവരോടും പ്രസുദേന്തി ഷിബു & ബിൻറ്റൂ പാലാക്കാട്ട് എല്ലാവിധ നന്ദിയും അറിയിച്ചു.

പ്രസുദേന്തി ഷിബു & ബിൻറ്റൂ പാലാക്കാട്ട് കുട്ടികൾ നേഥൻ & അമേലിയയോടൊപ്പം.

Share this story

Leave a Comment

Your comment will be visible after admin approval.