ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച് മരിച്ച തമിഴ്‌നാട്, സ്വദേശികളായ അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. തമിഴ്‌നാട്, ചെന്നൈ സ്വദേശികളായ ജയഭാരതി (37), മകൾ കാർത്തിക ശ്രീ (2) എന്നിവരാണ് മരിച്ചത്.
ജൂലൈ 21-നായിരുന്നു ദാരുണമായ സംഭവം നടന്നത്. മരണപ്പെടുന്നതിന് ഒരാഴ്ച മുൻപാണ് സന്ദർശക വീസയിൽ അമ്മയും മകളും ബുറൈദയിൽ ജോലി ചെയ്യുന്ന ഭർത്താവായ ഗോകുൽ രാജിൻ്റെ അടുത്തേക്ക് എത്തിയത്. ബുറൈദയിലെ സഫറക്കടുത്തുള്ള താമസസ്ഥലത്ത് രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു അപകടം. ചന്ദനത്തിരിയിൽ നിന്ന് തീപ്പൊരി വീണ് പടർന്ന് കാർപെറ്റിൽ ഭാഗികമായി തീപിടിക്കുകയും തുടർന്ന് മുറിയിൽ പുക നിറയുകയുമായിരുന്നു. പുക ശ്വസിച്ചതിനെ തുടർന്നാണ് ജയഭാരതിയും മകളും മരണപ്പെട്ടത്.
അപകടസമയത്ത് ഗോകുൽ രാജ് തൊട്ടടുത്ത മുറിയിൽ ജോലി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു. പുകയുടെ ഗന്ധം അനുഭവപ്പെട്ട് ഉണർന്നപ്പോഴാണ് ഭാര്യയും മകളും മരണപ്പെട്ട വിവരം അറിയുന്നത്. ഇന്ത്യൻ എംബസിയുടെടെയും, ബുറൈദ, കനിവ് ജീവകാരുണ്യ വിഭാഗത്തിന്റെയും ഇടപെടലിലൂടെയാണ് നിയമപരമായ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചത്.
റിയാദിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ചെന്നൈ എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
Leave a Comment
Your comment will be visible after admin approval.