സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിൽ ഹൂതി ആക്രമണം: 3 മരണം

Global Indian Writer · October 8, 2026 · 1 min read · 0 Comments · 0 Shares

റിയാദ്: സൗദി അറേബ്യയിൽ ഹൂതികൾ നടത്തിയ ആക്രമണത്തിന് ഉപയോഗിച്ച സനയിലെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ പ്ലാറ്റ്‌ഫോം തകർത്തതായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന. ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായാണ് സൗദി അറേബ്യയുടെ അവകാശവാദം. അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഹൂതികൾ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പുതിയ നീക്കം. ഹൂതി ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി അധികൃതർ അറിയിച്ചിരുന്നു.

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനിലുടനീളം സമഗ്ര സൈനിക നടപടി ആരംഭിച്ചതായും ബാലിസ്റ്റിക് മിസൈൽ സംഭരണ കേന്ദ്രങ്ങളും ആയുധ ഡിപ്പോകളും ഉൾപ്പെടെ 82 ഹൂതി കേന്ദ്രങ്ങൾ തകർത്തതായും സഖ്യസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. സൗദി അറേബ്യയെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്താനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് സനായിൽ പ്ലാറ്റ്‌ഫോം തകർത്തതെന്നാണ് സൗദി സഖ്യസേന അറിയിച്ചിരിക്കുന്നത്. പടിഞ്ഞാറൻ തീരത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന പർവതപ്രദേശമായ പടിഞ്ഞാറൻ തായിസിൽ സൗദി പിന്തുണയുള്ള യെമൻ സർക്കാർ സേന മുന്നേറ്റം നടത്തിയതായി അവകാശപ്പെട്ടു. പ്രദേശം തിരിച്ചുപിടിക്കാനുള്ള ‘ഡോൺ ഓഫ് യെമൻ’ എന്ന സൈനിക നടപടിയുടെ ഭാഗമായാണ് മുന്നേറ്റമെന്നാണ് സേനയുടെ വിശദീകരണം.

തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപമുള്ള യെമന്റെ വിശാലമായ പ്രദേശം നിയന്ത്രണത്തിലാക്കിയ ഹൂതി സേനയും അന്താരാഷ്ട്ര അംഗീകാരമുള്ള യെമൻ സർക്കാരിന്റെ സൗദി പിന്തുണയുള്ള സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെയാണ് സൗദി ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിരിക്കുന്നത്. ചെങ്കടലിനെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന പ്രധാന കടൽപാതയാണ് ബാബ് അൽ-മന്ദബ് കടലിടുക്ക്.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഹൂതികൾ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മൊറോക്കോ, അൾജീരിയ സ്വദേശിനികളായ രണ്ട് വനിതാ താമസക്കാർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി ജനറൽ അതോറിറ്റി അറിയിച്ചത്. തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ സുഡാൻ സ്വദേശിയായ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ച് പേർ സൗദി പൗരന്മാരാണ്. സൗദി എഫ്-15, ടൈഫൂൺ യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിരിക്കുന്ന വിമാനത്താവളമാണിത്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി പൂർണമായ ഏകോപനത്തിലും നിരന്തരമായ സഹകരണത്തിലും പ്രവർത്തിച്ചുവരികയാണെന്നാണ് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചത്. സെപ്റ്റംബർ 18ന്, യെമനിൽ നിന്ന് റിയാദിലെ വിമാനത്താവളത്തിലേക്ക് ഹൂതികൾ വിക്ഷേപിച്ചതായി സംശയിക്കുന്ന ബാലിസ്റ്റിക് മിസൈൽ തടഞ്ഞ് നശിപ്പിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. തൊട്ടടുത്ത ദിവസം, സെപ്റ്റംബർ 19ന്, റിയാദിലെ വിമാനത്താവളത്തിന് സമീപം ഒരു സ്ഫോടനം ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന സംഭരണ മേഖലയ്ക്ക് സമീപം കറുത്ത പുക ഉയരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദിലെ യുഎസ് എംബസി അമേരിക്കൻ പൗരന്മാർക്കായി വീണ്ടും സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രാജ്യത്ത് കഴിയുന്ന എല്ലാ യുഎസ് പൗരന്മാരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകി.

Share this story

Leave a Comment

Your comment will be visible after admin approval.