സൗദി അറേബ്യയിൽ ചില ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ കടുത്ത ഉഷ്ണതരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പ്

Global Indian Writer · June 21, 2026 · 1 min read · 0 Comments · 0 Shares

റിയാദ്: സൗദി അറേബ്യയിൽ കിഴക്കൻ പ്രവിശ്യയുടെയും മദീനയുടെയും ചില ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ കടുത്ത ഉഷ്ണതരംഗമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ ഉപരിതല കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന് നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി (NCM) പ്രവചിച്ചു. വടക്കൻ അതിർത്തി പ്രദേശങ്ങളായ അൽ ജൗഫ്, തബൂക്ക്, മക്ക, റിയാദ് എന്നിവിടങ്ങളിലും ശക്തമായ കാറ്റ് അനുഭവപ്പെടും.

മദീന മേഖലയിൽ ഞായറാഴ്ച മുതൽ വരുന്ന ബുധനാഴ്ച വരെ അതിശക്തമായ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തീരപ്രദേശങ്ങൾ ഉൾപ്പെടെ ഈ മേഖലയിലെ ചില ഭാഗങ്ങളിൽ പരമാവധി താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.

ഉയർന്ന താപനില റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ കാലാവസ്ഥാ കേന്ദ്രം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും “അൻവാ” (Anwa) ആപ്ലിക്കേഷനിലൂടെയും ഉഷ്ണതരംഗത്തിന്റെ പുരോഗതിയും മറ്റ് മാറ്റങ്ങളും തത്സമയം നിരീക്ഷിക്കണമെന്നും പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

അതേസമയം, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്. മക്ക മേഖലയിലെ ഉയർന്ന പ്രദേശങ്ങളുടെ തെക്കൻ ഭാഗങ്ങളിലും ജസാൻ, അസീർ, അൽ ബഹ മേഖലകളുടെ ചിലയിടങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് ഇപ്പോഴും സാധ്യത നിലനിൽക്കുന്നുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.