സ്മാർട്ട് ഗ്ലാസ് വിപണിയിലേക്ക് പ്രവേശിക്കാൻ ആപ്പിളും തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. സ്മാർട്ട്ഗ്ലാസുകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഏറ്റവും കടുത്ത ആശങ്ക കണക്കിലെടുത്ത് സ്വകാര്യത ഉറപ്പാക്കുന്നതിലാണ് ആപ്പിൾ ഏറ്റവുംകൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ആപ്പിളിന്റെ സ്മാർട്ട്ഗ്ലാസ് നിലവിൽ വികസന ഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ.
സ്വകാര്യതാ ആശങ്കകൾ പരിഹരിക്കാൻ കമ്പനി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇതിന്റെ വികസന പ്രവർത്തനങ്ങൾ നീണ്ടുപോകുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. ഫോട്ടോകളോ വീഡിയോകളോ പകർത്താൻ കഴിയാത്തതും സെൻസിങ്ങിനായി മാത്രം ഉപയോഗിക്കാൻ കഴിയുന്നതുമായ ഒരു ക്യാമറയോടുകൂടിയ പതിപ്പടക്കം ആപ്പിൾ പരിഗണിക്കുന്നുണ്ട്. 2027 ജൂണിൽ നടക്കുന്ന WWDC-യിൽ സ്മാർട്ട് ഗ്ലാസുകൾ ആപ്പിൾ അവതരിപ്പിക്കുമെന്നും അതേ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മെറ്റയുടെ ക്യാമറ ഘടിപ്പിച്ച AI ഗ്ലാസുകൾക്ക് വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ആപ്പിളും ഈ രംഗത്തേക്ക് കടക്കാനൊരുങ്ങുന്നത്. അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നത് സംബന്ധിച്ച പൊതുജനങ്ങളുടെ ആശങ്കകളും, റെക്കോർഡിങ് ഇൻഡിക്കേറ്റർ ലൈറ്റ് മറയ്ക്കാൻ സഹായിക്കുന്ന കുറുക്കുവഴികളുമടക്കം വലിയ ചർച്ചയായിരുന്നു. യുകെയിലും യുഎസിലും ഈ ഉപകരണത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ഈ ഗ്ലാസുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും വിമർശനങ്ങളുണ്ട്.
ഇതോടെ മറ്റുള്ളവരെ ഉപദ്രവിക്കുന്ന തരത്തിലുള്ള വീഡിയോകൾ അപ്ലോഡ് ചെയ്യുന്ന ഉപയോക്താക്കളെ വിലക്കുമെന്ന് ഇൻസ്റ്റാഗ്രാം തലവൻ ആദം മോസ്സെരിക്ക് പറയേണ്ടിവന്നു. അത്തരം ഉള്ളടക്കം നീക്കം ചെയ്യുമെന്നും മെറ്റ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം വ്യക്തമാക്കിയിരുന്നു. ഡോക്ടറുടെ മുറി, ലോക്കർ റൂം, പൊതു ശൗചാലയങ്ങൾ, സ്‌കൂൾ അല്ലെങ്കിൽ ആരാധനാലയം പോലുള്ള സ്ഥലങ്ങളിൽ നിങ്ങളുടെ ഗ്ലാസുകൾ ഓഫാക്കണമെന്ന് മെറ്റ അവരുടെ വെബ്‌സൈറ്റിലൂടെ ഉപയോക്താക്കളോട് നിർദേശിച്ചിരുന്നു.
Leave a Comment
Your comment will be visible after admin approval.