കൗമാരക്കാരുടെ സമൂഹ മാധ്യമ ഉപയോഗത്തിന് തടയിട്ട് ബ്രിട്ടൻ; രാത്രിയിൽ പ്രത്യേക ‘കർഫ്യൂ’

Global Indian Writer · June 15, 2026 · 1 min read · 0 Comments · 0 Shares

ലണ്ടൻ: ആസ്ട്രേലിയക്ക് പിന്നാലെ 16 വയസ്സിൽ താഴെയുള്ള കൗമാരക്കാരുടെ സമൂഹ മാധ്യമ ഉപയോഗത്തിന് തടയിട്ട് ബ്രിട്ടൻ. മുതിർന്ന കൗമാരക്കാർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശനമായ നിരോധനമേർപ്പെടുത്തുന്ന പ്രഖ്യാപനം നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ അറിയിച്ചു. ഇൻസ്റ്റഗ്രാം, ടിക്ടോക്, ഫേസ്ബുക്ക്, എക്സ് (ട്വിറ്റർ), യൂട്യൂബ്, സ്നാപ്ചാറ്റ്, ത്രെഡ്സ്, ട്വിച്ച്, കിക്ക്, റെഡ്ഡിറ്റ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്ക് ഈ നിരോധനം ബാധകമായിരിക്കും. വിഷയത്തിൽ രക്ഷിതാക്കൾ, സാങ്കേതിക മേഖലയിലെ വിദഗ്ധർ, കുട്ടികൾ എന്നിവരിൽനിന്ന് സർക്കാർ സ്വീകരിച്ച പൊതുജനാഭിപ്രായ സർവേയിൽ ലഭിച്ച 1,16,000 പ്രതികരണങ്ങൾ വിലയിരുത്തിയാണ് ഈ തീരുമാനം.

“ഓൺലൈൻ ലോകത്ത് നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കാം എന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ചർച്ചയാണ്. ഇത് നമ്മൾ ആരുടെ പക്ഷത്താണെന്നത് സംബന്ധിച്ച തെരഞ്ഞെടുപ്പാണ്. രാജ്യത്തെ കുടുംബങ്ങളുടെ വശത്താണോ അതോ പരാജയപ്പെട്ട നിലവിലെ വ്യവസ്ഥിതിക്കൊപ്പമാണോ എന്നതാണ് ചോദ്യം,” ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പ്രധാനമന്ത്രി സ്റ്റാർമർ വ്യക്തമാക്കി.

കുട്ടികളുടെ ഓൺലൈൻ സുരക്ഷ കർശനമാക്കുന്ന ആഗോള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. എന്നാൽ, കുട്ടികൾക്ക് സമൂഹ മാധ്യമങ്ങൾ വിലക്കാൻ നിലവിൽ തീരുമാനിച്ച ആസ്‌ട്രേലിയയേക്കാൾ കൂടുതൽ കർശനമായ നിയമനിർമാണമാണ് ബ്രിട്ടൻ ലക്ഷ്യമിടുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.