സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

Global Indian Writer · September 23, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: സാംസ്കാരിക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായ അദ്ദേഹം രണ്ടാഴ്ചയായി അത്യാസന്ന നിലയിലായിരുന്നു. കലയ്ക്കു വേണ്ടി ജീവിച്ച അദ്ദേഹം വർഷം തോറും ഒക്ടോബറിൽ നടത്തിയിരുന്ന സൂര്യാ ഫെസ്റ്റിവൽ കേരളത്തിന്റെ കലാസാംസ്കാരിക രംഗത്തെ അദ്ഭുതങ്ങളിലൊന്നായിരുന്നു. ഐഎസ്ആർഒയിൽ എൻജിനിയർ ആയിരുന്ന അദ്ദേഹം ജോലി രാജി വച്ച ശേഷമാണ് മുഴുവൻ സമയ കലാപ്രവർത്തകനായത്. കേരള സർക്കാരിന്റെ സിവിലിയൻ ബഹുമതിയായ കേരളപ്രഭ, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും സമഗ്രസംഭാവനയ്ക്ക് പോണ്ടിച്ചേരി സർക്കാരിന്റെ പുരസ്കാരവും അടക്കമുള്ള അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 

കേരളത്തിന്റെ ചീഫ് എൻജിനീയറായിരുന്ന ടി. നടരാജപിള്ളയുടെയും  ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രവർത്തക സി. സരസ്വതി അമ്മയുടെയും മകനായി 1951 ഏപ്രിൽ 11–ന് കോട്ടയത്താണ് ജനനം. നടരാജ കൃഷ്ണമൂർത്തി എന്നാണ് ഔദ്യോഗിക പേര്. പിന്നീടത് സൂര്യ കൃഷ്ണമൂർത്തി എന്നായി. തിരുവനന്തപുരം മോഡൽ സ്കൂൾ, ആർട്സ് കോളജ്, കൊല്ലം ടികെഎം എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1971 ൽ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയശേഷം 72–ൽ ഐഎസ്ആർഒയിൽ ചേർന്നു. 1999–ൽ സ്വയം വിരമിച്ച് പൂർണസമയ കലാപ്രവർത്തകനായി. നാടകങ്ങൾ എഴുതചി സംവിധാനം ചെയ്തു. മലയാളത്തിൽ ആദ്യമായി ലൈറ്റ് ആൻഡ് സൗണ്ട് ഷോയും തിയറ്റർ ഓഫ് ഫ്രീഡം എന്ന രംഗകലയും അവതരിപ്പിച്ചു. അദ്ദേഹം സംഘടിപ്പിച്ച സൂര്യ ഫെസ്റ്റിവൽ കലയുടെയും കലാകാരന്മാരുടെയും ഉൽസവമായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള, പ്രശസ്തർ അടക്കമുള്ള കലാകാരന്മാർ സൂര്യയുടെ വേദിയിലെത്തി.

ടൂറിസം വാരാഘോഷം എന്ന ആശയം സൂര്യ കൃഷ്ണമൂർത്തിയുടേതാണ് മൂന്നു പ്രാവശ്യം സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ആയിരുന്നു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ, കേരള ചചച്ചിത്ര അക്കാദമി  വൈസ് ചെയർമാൻ, കാലിക്കറ്റ് സർവകലാശാലാ ഫൈൻ ആർട്സ് വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു. ദേശിയ, സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ സമിതികൾ, ഇന്ത്യൻ പനോരമ സെലക്ഷൻ സമിതി, എൻഎഫ്ഡിസി സ്ക്രിപ്റ്റ് കമ്മിറ്റി, തുടങ്ങിയവയിൽ അംഗമായിരുന്നു. ദൂരദർശൻ  ഉപദേശക സമിതി അംഗമായും കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ വിദഗ്ധസമിതി അംഗമായും പ്രവർത്തിച്ചു. 

മേൽവിലാസം, പുലരി, തുടക്കം, തുടർച്ച, നീലവെളിച്ചം, അവതാരം, സ്ത്രീ പർവം തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ. 2003 ൽ ലിംക ബുക്ക് ഓഫ് റിക്കാർഡ്സിന്റെ മാൻ ഓഫ് ദി ഇയർ ആയി. ഏറ്റവും മികച്ച സ്റ്റേജ് ക്രാഫ്റ്റ് ആൻഡ് ഡയറക്‌ഷനുള്ള രാഷ്ട്രപതിയുടെ ബഹുമതിയും (1996) കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പും (1994) നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സൂര്യ കൃഷ്ണമൂർത്തിയാണ്. . ഭാര്യ രാജി. മക്കൾ: സീത (സിവിൽ സർവീസ്), ലക്ഷ്മണൻ . മരുമകൻ: ചന്ദൻ കുമാർ.

Share this story

Leave a Comment

Your comment will be visible after admin approval.