(ജോർജ് നടവയൽ)
ഫിലഡൽഫിയ/തിരുവനന്തപുരം: സാംസ്കാരിക കേരളത്തിൻ്റെ കലാസൂര്യബിംബമായ സൂര്യാ കൃഷ്ണ മൂർത്തിയ്ക്ക് “നാമ”ത്തിൻ്റെ പുഷ്പചക്രാഞ്ജലി, നാമം ഫൗണ്ടർ മാധവൻ നായരുടെ നേതൃത്വത്തിൽ അർപ്പിച്ചു.
മറ്റാരാലും അനുകരിക്കാനാവാത്ത വിധം, കലാസപര്യയിൽ ജീവിതം സമർപ്പിച്ച, കലാകാരനും നാടകപ്രവർത്തകനും സംവിധായകനുമായിരുന്നു സൂര്യാ കൃഷ്ണ മൂർത്തി (നടരാജ കൃഷ്ണമൂർത്തി). ഐ.എസ്.ആർ.ഒ.യിൽ (ISRO) ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ചിരിക്കേയാണ്, സൂര്യാ കൃഷ്ണ മൂർത്തി കലാരംഗത്തേക്ക് സേവനം പൂർണ്ണമായും ഉഴിഞ്ഞു വച്ചത്.
1977-ൽ സൂര്യാ കൃഷ്ണ മൂർത്തി സ്ഥാപിച്ച ‘സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി’ എന്ന സംഘടനയിലൂടെ, കേരളത്തിന്റെ കലാസാംസ്കാരിക ബോധത്തെ ആഗോളതലത്തിൽ എത്തിച്ചു. ഏറ്റവും ദൈർഘ്യമേറിയ കലാമേളകളിലൊന്നായ ‘സൂര്യ ഫെസ്റ്റിവൽ’ സൂര്യാ കൃഷ്ണ മൂർത്തിയുടെ ഏറ്റവും വലിയ സംഭാവനയാണ്. ‘സൂര്യ ഫെസ്റ്റിവൽ’ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ രേഖാങ്കിതമായിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായും സൂര്യാ കൃഷ്ണ മൂർത്തി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലയാള നാടകവേദിയിൽ പ്രകാശവും ശബ്ദവും (Light and Sound Show) സമന്വയിച്ചുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ മികവുകളിൽ ഒന്നാണ്. സൂര്യാ കൃഷ്ണ മൂർത്തി രചനയും സംവിധാനവും നിർവ്വഹിച്ച ‘മേൽവിലാസം’ എന്ന നാടകം ഇന്ത്യൻ നാടകവേദിയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചലച്ചിത്രമായി മാറുകയും ചെയ്തു.
വളർന്നുവരുന്ന കലാകാരന്മാർക്കായി തിരുവനന്തപുരത്ത് ‘ഗണേശം’ എന്ന പേരിൽ സൗജന്യ ‘ബ്ലാക്ക് ബോക്സ് തിയേറ്റർ’ ഒരുക്കിയ സൂര്യാ കൃഷ്ണ മൂർത്തി, നിർദ്ധനരായ കലാകാരന്മാരുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിലും മുൻപന്തിയിലായിരുന്നു.
കലാരംഗത്തെ അതുല്യമായ സംഭാവനകൾ പരിഗണിച്ച് ഭാരത രാജ്യം സൂര്യാ കൃഷ്ണ മൂർത്തിയ്ക്ക് 1996-ൽ ദേശീയ പുരസ്കാരവും, കേരള സർക്കാർ സംസ്ഥാനത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ ‘കേരള പ്രഭ’ പുരസ്കാരവും നൽകി ആദരിച്ചിട്ടുണ്ട്.
പ്രദീപ് മേനോൻ (പ്രസിഡൻ്റ്), ബിന്ദു സത്യ (സെക്രട്ടറി), സിറിയക് എബ്രഹാം (ട്രഷറാർ), ഷീലാ ജോസഫ് , ഹരികൃഷ്ണൻ രാജ്മോഹൻ (യൂത്ത് അഫയേഴ്സ് ചെയർ), ജോർജ് നടവയൽ (പി ആർ ഓ), ഡോ. ലതാ നയർ (സ്ട്രീം പ്രോജക്ട് ചെയർ) എന്നീ നാമം (നോർത്ത് അമേരിക്കൻ മലയാളീസ്സ് ആൻ്റ് അസ്സോസിയേറ്റഡ് മെംബേഴ്സ്) ഭാരവാഹികൾ, സാംസ്കാരിക കേരളത്തിന്റെ സൂര്യ ഗോപുരമായ (2026 സെപ്റ്റംബർ 23-ന് അന്തരിച്ച) സൂര്യാ കൃഷ്ണ മൂർത്തിയ്ക്ക് പ്രാർഥനാ പൂർണ്ണവും കണ്ണീരണിഞ്ഞതുമായ ആദരാഞ്ജലികൾ അർപ്പി ച്ചു.
Leave a Comment
Your comment will be visible after admin approval.