ശ്രീലയം: കൃഷ്ണഭക്തിയുടെ മാസ്മരിക പ്രപഞ്ചം ദൃശ്യാവിഷ്കാരം ഹൂസ്റ്റണിൽ

Global Indian Writer · June 16, 2026 · 1 min read · 0 Comments · 0 Shares

:ശങ്കരൻകുട്ടി, ഹൂസ്‌റ്റൻ

ഒരു പുൽക്കൊടിയിൽ പോലും പവിത്രമായ കൃഷ്ണഭക്തി നിറയ്ക്കുന്നതും, കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്നതുമായ ഒരു സംഗീതാനുഭവമാണ് ശ്രീലയം ഏവർക്കുമായ് കാത്തുവയ്ക്കുന്നത്. മലയാളികളുടെ മനസ്സിൽ എന്നും പ്രണയത്തിന്റെയും ഭക്തിയുടെയും പരമമായ പ്രതീകമാണ് ശ്രീകൃഷ്ണൻ. കേവലമൊരു സ്തുതിഗീതത്തിനപ്പുറം, ദൈവവും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ സ്നേഹബന്ധത്തെ അടയാളപ്പെടുത്തുന്ന മനോഹരമായ ഭക്തിഗാന ആൽബമാണ് ‘ശ്രീലയം’. ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിനു വേണ്ടി തയ്യാറാക്കുന്ന ഈ ഗാനം ഭക്തന് ഭഗവാനോടുള്ള നിഷ്‌കളങ്കമായ ഭക്തിയും, ഭക്തനോട് ഭഗവാനുള്ള അടിയുറച്ച സ്നേഹവും പരസ്പരം ലയിച്ചുചേരുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. ഈ ഭക്തിഗാന ആൽബത്തിന് ‘ശ്രീലയം’ എന്ന മനോഹരമായ നാമകരണം ചെയ്തിരിക്കുന്നത് വിജിത വിമൽ ആണ്.
ഈ ഗാനത്തിന് ഹൃദയഹാരിയായ ഈണം നൽകി ഈ പാട്ടിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ് പ്രശസ്ത സംഗീത സംവിധായകൻ റിത്വിക് ചന്ദ്. വിദ്യ രതീഷിന്റെ ഭാവസാന്ദ്രമായ വരികളാണ് ഈ ഗാനത്തിന്ജീവൻനൽകിയിരിക്കുന്നത്.പുല്ലാങ്കുഴലിന്റെ മധുരനാദവും പരമ്പരാഗത വാദ്യോപകരണങ്ങളുടെ അകമ്പടിയും പാട്ടിന് കൂടുതൽ മിഴിവേകുന്നു. വരികളുടെയും ഈണത്തിന്റെയും ആത്മാവ് തൊട്ടറിഞ്ഞുള്ള ആലാപന ശൈലി ശ്രോതാക്കളുടെ മനസ്സ് നിറയ്ക്കാൻ പോന്നതാണ്.

ദൃശ്യാവിഷ്കാരം ഹൂസ്റ്റണിൽ

ശ്രോതാക്കളുടെ കാതുകളിലേക്ക് ഭക്തിസാന്ദ്രമായ ഈണം എത്തിക്കുന്നതിനൊപ്പം ഇതിന്റെ മനോഹരമായ ദൃശ്യാവിഷ്കാരത്തിനായുള്ള ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു. സംവിധായകൻ വിമൽ കുമാറിന്റെ നേതൃത്വത്തിൽ ഈ ആൽബത്തിന്റെ ചിത്രീകരണം ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലുമായി ഉടൻ തന്നെ ആരംഭിക്കുന്നതാണ്. ഈ ദൃശ്യാവിഷ്കാരത്തിന് പിന്നിൽ മികച്ചൊരു സാങ്കേതിക പ്രവർത്തകരുടെ നിര തന്നെയുണ്ട്:
ചീഫ് അസ്സോസിയേറ്റ്: പ്രസാദ്
അസിസ്റ്റന്റ് ഡയറക്ടർമാർ: ദീപു, ദീപക്
ക്യാമറ (ഛായാഗ്രഹണം): വിഷ്ണു, ശ്യാം
വസ്ത്രാലങ്കാരം& ചമയം : ഉണ്ണിമായ

മാറിവരുന്ന ഡിജിറ്റൽ യുഗത്തിലും ഹൃദയസ്പർശിയായ ഭക്തിഗാനങ്ങൾ നമുക്ക് വല്ലാത്തൊരു പോസിറ്റീവ് ഊർജ്ജവും ശാന്തതയും സമ്മാനിക്കും. തിരക്കുപിടിച്ച പ്രവാസി ജീവിതത്തിനിടയിലും മനസ്സിന് ആശ്വാസം പകരാൻ ഈ ഗാനത്തിന് തീർച്ചയായും കഴിയും. ലളിതവും എന്നാൽ ആഴമേറിയതുമായ വരികളും, ഹൃദയത്തിൽ തട്ടുന്ന സംഗീതവും ഒത്തുചേർന്ന ‘ശ്രീലയം’ കൃഷ്ണഭക്തർക്കും സംഗീതപ്രേമികൾക്കും ഒരുപോലെ നെഞ്ചിലേറ്റാൻ കഴിയുന്ന ഒരു മികച്ച സൃഷ്ടിയായിരിക്കും. ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൻ്റെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദൃശ്യരൂപം കൂടി കൈവരുന്നതോടെ ഈ സംഗീത സൃഷ്ടി വരുംദിവസങ്ങളിൽ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് കണ്ണിനമൃതും കാതുകൾക്ക് ഇമ്പവും നൽകുമെന്നതിൽ യാതൊരു സംശയവുമില്ല.

വാർത്ത അയച്ചത്: ശങ്കരൻകുട്ടി, ഹൂസ്‌റ്റൻ

Share this story

Leave a Comment

Your comment will be visible after admin approval.