കൊച്ചി: നെടുമ്പാശേരിയിൽ അമിതവേഗതയിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് (19) ജാമ്യത്തിൽ പുറത്തിറങ്ങി. 36 ദിവസത്തെ റിമാൻഡ് കാലാവധിക്കുശേഷം നവംബർ 16ന് കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിൽനിന്നാണ് സുഹൈൽ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഉടൻ ബന്ധുക്കൾ മാധ്യമപ്രവർത്തകരെ തടഞ്ഞ് വാഹനങ്ങളുടെ സുരക്ഷാവലയം തീർത്ത് സുഹൈലിനെ കാറിൽ കയറ്റിക്കൊണ്ടുപോയി. ഇതിനിടെ മാധ്യമപ്രവർത്തകരുടെ ക്യാമറകൾ തട്ടിമാറ്റുകയും ഒരു ക്യാമറ തകർന്നതായും പരാതിയുണ്ട്.
സുഹൈലിന്റെ മോചനം ചിത്രീകരിക്കാൻ നിരവധി മാധ്യമപ്രവർത്തകർ ബോസ്റ്റൽ സ്കൂളിന് പുറത്ത് കാത്തുനിന്നിരുന്നു. എന്നാൽ പുറത്തിറങ്ങിയ ഉടൻ ബന്ധുക്കൾ ഇയാളെ വളയുകയും മുഖം മറച്ച് കാറിലേക്ക് കയറ്റുകയുമായിരുന്നു. മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയും ക്യാമറകൾ തട്ടിമാറ്റിയും വാഹനത്തിലേക്ക് കൊണ്ടുപോയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസ് മാധ്യമങ്ങളോട് സുഹൈൽ പുറത്തിറങ്ങാൻ അരമണിക്കൂറോളം എടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായ മോചനം.
കഴിഞ്ഞ നവംബർ ആറിനാണ് കേസിലെ നാല് പ്രതികൾക്കും കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഒന്നാം പ്രതിയും കാർ ഓടിച്ചിരുന്നയാളുമായ സുഹൈലിന്റെ മോചനം പത്ത് ദിവസത്തേക്ക് നീട്ടിവെക്കുകയായിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. മറ്റ് പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർ നേരത്തേ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
ഒക്ടോബർ 11ന് പുലർച്ചെ നെടുമ്പാശേരി എയർപോർട്ട് റോഡിൽ സുവർണോദ്യാനത്തിന് സമീപമാണ് അപകടമുണ്ടായത്. സുഹൈൽ ഓടിച്ചിരുന്ന മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് യാത്രക്കാരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കർണാടക സുള്ള്യ സ്വദേശി ഇയാസ്, വയനാട് സ്വദേശിനി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക എന്നിവരാണ് മരിച്ചത്. യുവാക്കൾ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
അപകടസമയത്ത് കാർ അമിതവേഗത്തിലായിരുന്നുവെന്നും സുഹൈൽ മദ്യപിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വാഹനത്തിലെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽനിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം കൂട്ടിയിടിക്ക് അഞ്ച് സെക്കൻഡ് മുമ്പ് കാർ മണിക്കൂറിൽ 162 കിലോമീറ്റർ വേഗത്തിലായിരുന്നു. ഇടിയുടെ സമയത്ത് വേഗം 144 കിലോമീറ്ററായിരുന്നുവെന്നും വാഹനനിർമാതാക്കൾ അന്വേഷണസംഘത്തിന് നൽകിയ സാങ്കേതിക റിപ്പോർട്ടിൽ പറയുന്നു. അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ബ്രേക്ക് പെഡൽ അമർത്തിയത്. 500 മീറ്റർ ദൂരം 11 സെക്കൻഡുകൊണ്ട് കാർ പിന്നിട്ടതായി സിസിടിവി ദൃശ്യങ്ങളും വ്യക്തമാക്കിയിരുന്നു.
അപകടദിവസം സുഹൈൽ നാല് ബാറുകളിൽ എത്തിയിരുന്നതായി എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രക്തപരിശോധനയിൽ ശരീരത്തിലെ മദ്യത്തിന്റെ അളവ് അനുവദനീയമായ പരിധിയുടെ അഞ്ചിരട്ടിയാണെന്നും റിപ്പോർട്ടുകളുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പ്രോസിക്യൂഷന്റെയും മരിച്ചവരുടെ ബന്ധുക്കളുടെയും വാദം.
മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പൂർത്തിയായെന്നും വിദ്യാർഥികളായ പ്രതികളെ ഇനിയും കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ ശേഖരിക്കുന്ന നടപടി പൂർത്തിയായിട്ടില്ലെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷനും മരിച്ചവരുടെ ബന്ധുക്കളും ചൂണ്ടിക്കാട്ടി.
വിചാരണ പൂർത്തിയാകുന്നതുവരെ പ്രതികളെ അനിശ്ചിതകാലം കസ്റ്റഡിയിൽ വയ്ക്കാനാകില്ലെന്നും ജാമ്യം നിഷേധിക്കാൻ മതിയായ കാരണങ്ങൾ വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തുടർന്നാണ് നാല് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. എന്നാൽ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കുന്നതിന്റെ ഭാഗമായി സുഹൈലിന്റെ മോചനം പത്ത് ദിവസത്തേക്ക് നീട്ടിവെക്കുകയായിരുന്നു.
സുഹൈലിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മറ്റ് മൂന്ന് പ്രതികൾക്കെതിരെയും പ്രേരണ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ജാമ്യം ലഭിച്ചതോടെ കേസിലെ നടപടികൾ അവസാനിക്കുന്നില്ല. അപകടവുമായി ബന്ധപ്പെട്ട തെളിവുകളും സാഹചര്യങ്ങളും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
Leave a Comment
Your comment will be visible after admin approval.