സാമൂഹിക മാധ്യമ പോസ്റ്റിലൂടെ രാജി പ്രഖ്യാപിച്ച് AI കമ്പനിയായ ആന്ത്രോപിക്കിന്റെ സേഫ്ഗാർഡ്‌സ് റിസർച്ച് ടീം തലവൻ മൃനാങ്ക് ശർമ. ആന്ത്രോപിക് പുറത്തിറക്കിയ Claude Opus 4.6 എഐ ലോകത്തും ഓഹരി വിപണിയിലും വലിയ ചലനം സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെയാണ് രാജി പ്രഖ്യാപനം. വിവിധ മേഖലകളിൽ ഓഫീസ് ജോലികളുടെ ഉത്പാദനക്ഷമതയും കോഡിംങ് പ്രകടനവും വർധിപ്പിക്കുന്നതിനുവേണ്ടി രൂപകൽപ്പന ചെയ്ത മോഡലിന്റെ നവീകരിച്ച വകഭേദമാണിത്. എഐ മോഡൽ പുറത്തിറക്കിയതിന് പിന്നാലെ നിക്ഷേപം വർധിപ്പിക്കാനുള്ള നീക്കമടക്കം ആന്ത്രോപിക് നടത്തുന്നതിനിടെയാണ് മൃനാങ്ക് ശർമയുടെ രാജി പ്രഖ്യപനം.
അതിനിടെ അദ്ദേഹത്തിന്റെ രാജിക്കത്തിലെ പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയ്ക്കിടയാക്കി. എഐ സുരക്ഷയിൽ വിട്ടുവീഴ്ച സംഭവിച്ചതാകാം അദ്ദേഹത്തിന്റെ രാജിക്ക് കാരണം എന്നതരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചു. ലോകം അപകടത്തിലാണെന്നും, ഇത് എഐ കാരണം മാത്രമല്ല, പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്ന പ്രതിസന്ധികളുടെ ഒരു വലിയ നിര കാരണമാണെന്നുമുള്ള ശർമയുടെ വാക്കുകളാണ് വ്യാപക ചർച്ചയ്ക്കിടയാക്കിയത്.
ലോകത്തെ സ്വാധീനിക്കാനുള്ള മനുഷ്യന്റെ കഴിവിനനുസരിച്ച് വിവേകവും വർധിക്കേണ്ട സമയമായെന്നും. വിവേകം വർധിച്ചില്ലെങ്കിൽ അതിന്റെ പരിണിത ഫലങ്ങൾ നമ്മൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും രാജിക്കത്തിൽ ശർമ്മ പരാമർശിച്ചിട്ടുണ്ട്.
നിരന്തര സമ്മർദ്ദം കാരണം മൂല്യങ്ങൾ പലതും മാറ്റിവെക്കേണ്ടിവന്നു. എഐ അസിസ്റ്റന്റുകൾ നമ്മെ എങ്ങനെ മനുഷ്യരല്ലാത്തവരാക്കുന്നു അല്ലെങ്കിൽ നമ്മുടെ മാനവികതയെ വളച്ചൊടിക്കുന്നു എന്ന് മനസിലാക്കുന്നതിനെക്കുറിച്ച് ആയിരുന്നു തന്റെ അവസാന പ്രോജക്റ്റുകളിലൊന്നെന്നും ശർമ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം പരാമർശങ്ങളാണ് ആന്ത്രോപിക്കിന്റെ ഉത്പന്നം വേഗത്തിൽ പുറത്തിറക്കാനുള്ള നീക്കം സുരക്ഷാ വിട്ടുവീഴ്ചകൾക്ക് വഴിയൊരുക്കിയേക്കാം എന്നതരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്.
Claude Opus 4.6 പുറത്തിറക്കിയതോടെ ആന്ത്രോപിക്കിന്റെ വിപണിമൂല്യം കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ശർമയുടെ രാജിക്കത്തിലെ പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾക്കാണ് ഇടയാക്കിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട സുരക്ഷാ ചുമതലക്കാർ പ്രതിരോധം തീർക്കുന്നതിന് പകരം പുറത്തുപോയി സത്യസന്ധതയെക്കുറിച്ച് മനോഹരമായ കത്തുകൾ എഴുതുകയാണ് ചെയ്യുന്നതെന്ന് ചിലർ കുറ്റപ്പെടുത്തി. നിക്ഷേപകരുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദം മൂലം ടെക് കമ്പനികളിലെ ഉത്തരവാദിത്തപ്പെട്ട പലർക്കും മുന്നറിയിപ്പുകൾ അവഗണിക്കേണ്ടിവരുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടി. എഐ സുരക്ഷാ ടീമിലെ പ്രമുഖ വ്യക്തികളിൽ ഒരാളാണ് മൃനാങ്ക് ശർമ.



