ഗാലക്സി ഇസെഡ് ട്രൈഫോൾഡ് സ്മാർട്ഫോണിന്റെ വിൽപന സാംസങ് അവസാനിപ്പിക്കുന്നു. ഈ വർഷം ജനുവരിയിൽ ലാസ് വേഗസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അവതരിപ്പിക്കപ്പെട്ട അത്യാധുനിക ഫോൾഡബിൾ സ്മാർട്ഫോണാണ് ഗാലക്സി ഇസെഡ് ട്രൈഫോൾഡ്. പുറത്തിറക്കി മൂന്നു മാസം പൂർത്തിയാകുമ്പോൾ തന്നെ ഫോൺ പിൻവലിച്ചിരിക്കുകയാണ്. രണ്ടര ലക്ഷത്തിലേറെ രൂപ വിലവരുന്ന, മൂന്നു ഭാഗങ്ങളായി മടക്കാനാവുന്ന ഫോണാണിത്. സാങ്കേതിക പ്രശ്നങ്ങളും മെമ്മറി ക്ഷാമവുമെല്ലാ ഈ തീരുമാനത്തിലേക്ക് നയിച്ചതായി കരുതപ്പെടുന്നു.
സാംസങ് ഇങ്ങനെ ഒരു തീരുമാനമെടുക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ, അതിനു സ്ഥിരീകരണവും വന്നു. നേരത്തേ തന്നെ യു.എസിലെ സാംസങ് വെബ്സൈറ്റിൽ ഫോണിന്റെ റീ സ്റ്റോക്ക് അപ്ഡേറ്റുകൾ നിർത്തിവെച്ചിരുന്നു. ഇപ്പോൾ ‘സോൾഡ് ഔട്ട്’ ലേബലാണ് കാണിക്കുന്നത്.
ഫോൾഡബിൾ രംഗത്ത് ഇതിനകം ആഗോള സാന്നിധ്യമായിക്കഴിഞ്ഞ സാംസങ്ങിന്റെ മൂന്നായി മടക്കാനാവുന്ന ഫോൺ എന്നത് ഏറെ പ്രതീക്ഷയോടെ ലോകം കാത്തിരുന്ന ഒന്നായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ദക്ഷിണ കൊറിയയിലാണ് ഗാലക്സി ഇസെഡ് ട്രൈഫോൾഡ് സാംസങ് പുറത്തിറക്കിയത്. സിങ്കപ്പൂർ, ചൈന, തായ്‌ലാൻഡ്, യു.എ.ഇ. എന്നിവിടങ്ങളിലും ഈ വർഷം ആദ്യം യു.എസിലും ഫോൺ അവതരിപ്പിച്ചു. അതേസമയം, ഇന്ത്യയിൽ ഈ മോഡൽ ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നില്ല.
ലോകത്ത് ആദ്യമായി ട്രൈഫോൾഡ് സ്മാർട്ഫോൺ അവതരിപ്പിച്ചത് പക്ഷേ സാംസങ്ങല്ല, ആ നേട്ടം കരസ്ഥമാക്കിയത് ചൈനീസ് ബ്രാൻഡായ വാവെയ് (Huawei) ആണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ട്രൈഫോൾഡ് ഫോണുകളാണ് വാവെയ് വിറ്റഴിക്കുന്നത്. എന്നാൽ, യു.എസ്. ഉൾപ്പെടെയുള്ള ആഗോള വിപണിയിൽ ആദ്യമായി ട്രൈഫോൾഡ് സ്മാർട്ഫോൺ എത്തിച്ചത് സാംസങ്ങാണ്.
അകത്തേക്ക് മടക്കുംവിധമുള്ള രണ്ട് ഹിഞ്ചുകളാണ് ഈ ഫോണിനുണ്ടായിരുന്നത്. ആദ്യത്തെ മോഡലായതിനാൽ തന്നെ ഇതിന്റെ ഫലപ്രാപ്തിയിൽ ഉപഭോക്താക്കൾ അത്രത്തോളം വിശ്വാസം അർപ്പിച്ചിരുന്നില്ലെന്ന് വേണം കരുതാൻ. കൂടാതെ, അതിഭീകരമായ വിലയും. ആ വില കൊടുക്കാൻ തയ്യാറായാലും, ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് തകരാറുകളുള്ളതായ പരാതികളും ഉയർന്നുവന്നു. രണ്ട് ലക്ഷം രൂപയിലേറെ വില നൽകുന്ന ഫോണിൽ ഇങ്ങനെ ഒരു പ്രശ്നം ഉപഭോക്താക്കൾക്ക് അംഗീകരിക്കാനാവില്ല. സാംസങ് ഉൾപ്പെടെയുള്ള ഫോൺ നിർമാതാക്കളെ കടുത്ത പ്രതിസന്ധിയിലാക്കിയ ആഗോള മെമ്മറി ക്ഷാമത്തിന് പിന്നാലെയാണ് ഫോൺ നിർത്തലാക്കാനുള്ള തീരുമാനവും വന്നത് എന്നത് ശ്രദ്ധേയമാണ്.



