ഗ്രോക്ക് ചാറ്റ്ബോട്ടിൽ എഐ ചിത്രങ്ങൾ നിർമിക്കുന്നതിൽ ചില നിയന്ത്രണങ്ങൾ അവതരിപ്പിച്ച് ഇലോൺ മസ്കിന്‍റെ എഐ സ്റ്റാർട്ടപ്പായ എക്സ് എഐ. ഗ്രോക്കിലെ ഇമേജ് ജനറേഷൻ ടൂൾ ഉപയോഗിച്ച് വ്യക്തികളുടെ അശ്ലീല ചിത്രങ്ങൾ വ്യാപകമായി നിർമിക്കുന്നുവെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഗ്രോക്ക് ഉപയോഗിച്ച് ആളുകളുടെ ചിത്രങ്ങളിലെ വസ്ത്രങ്ങൾ നീക്കം ചെയ്യാനും അവരുടെ അശ്ലീലച്ചുവയുള്ള ചിത്രങ്ങൾ നിർമിക്കാനും ഗ്രോക്ക് അനുവദിച്ചിരുന്നു. ഇതിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്.
ഇലോൺ മസ്കിന്റെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിലെ കമന്റ് സെക്ഷനിലെ ഗ്രോക്ക് എഐ ചാറ്റ്ബോട്ട് ദുരുപയോഗം ചെയ്യപ്പെടുന്ന സ്ഥിതിയാണുള്ളത്. ഒരു യുവതി തന്റെ ഒരു ചിത്രം എക്സിൽ പോസ്റ്റ് ചെയ്താൽ അതിന് താഴെ ഗ്രോക്കിനെ മെൻഷൻചെയ്ത് അവളുടെ ബിക്കിനി ചിത്രങ്ങളോ മറ്റ് ലൈംഗികമാനങ്ങളുള്ള ചിത്രങ്ങളോ നിർമിക്കാനുള്ള നിർദേശങ്ങൾ നൽകിയാൽ മതി, കമന്റ് ബോക്സിൽ തന്നെ അവരുടെ അശ്ലീല ചിത്രങ്ങൾ പ്രത്യക്ഷപ്പെടും. സെലിബ്രിട്ടികളും സാധാരണക്കാരുമെല്ലാം ഈ പ്രശ്നം വ്യാപകമായി നേരിട്ടതോടെയാണ് പല കോണുകളിൽ നിന്ന് എതിർപ്പ് ശക്തമായത്.
എന്നാൽ ചിത്രങ്ങൾ നിർമിക്കാനും അവയിൽ മാറ്റങ്ങൾ വരുത്താനുമുള്ള സൗകര്യം ഇനിമുതൽ പണമടച്ച് വരിക്കാരായവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി വെള്ളിയാഴ്ച ‘ഗ്രോക്ക്’ എക്സ് ഉപയോക്താക്കളെ അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലെ പോസ്റ്റുകൾക്കോ കമന്റുകൾക്കോ മറുപടിയായി ഗ്രോക്ക് തനിയെ ചിത്രങ്ങൾ നിർമിക്കുന്നതും അവ പ്രസിദ്ധീകരിക്കുന്നതും തടയാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ, പ്ലാറ്റ്‌ഫോമിനുള്ളിലെ ഗ്രോക്ക് ടാബ് വഴി നേരിട്ട് ചാറ്റ് ബോട്ടുമായി സംവദിച്ച് ലൈംഗികച്ചുവയുള്ള ചിത്രങ്ങൾ നിർമിക്കാനും അവ സ്വന്തം നിലയിൽ എക്സിൽ പോസ്റ്റ് ചെയ്യാനും ഉപയോക്താക്കൾക്ക് ഇപ്പോഴും സാധിക്കുന്നുണ്ട്. എക്സിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഗ്രോക്കിന്റെ ആപ്പിലും സബ്സ്ക്രിപ്ഷനില്ലാതെ അത്തരം ചിത്രങ്ങൾ നിർമിക്കാം.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എക്സും ഇലോൺ മസ്കും രംഗത്തുവന്നിരുന്നു. നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നേരിട്ട് അപ്ലോഡ് ചെയ്യുമ്പോഴുള്ള അതേ പ്രത്യാഘാതങ്ങൾ തന്നെയാവും ഗ്രോക്കിൽ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നിർമിക്കുന്നവർക്കും ലഭിക്കുകയെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ, ഫ്രാൻസ്, യുറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്ന് കടുത്ത വിമർശനമാണ് കമ്പനി നേരിടുന്നത്.



