പഠനത്തിനായി ‘Learn Your Way’ എന്ന പേരിൽ AI മോഡൽ പുറത്തിറക്കി ഗൂഗിൾ. പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തെ ആകർഷകമായ വിഷ്വൽ, ഇന്ററാക്ടീവ് പാഠഭാഗങ്ങളാക്കി പഠിപ്പിച്ചുതരാൻ കഴിവുള്ളതാണ് പുതിയ AI മോഡൽ എന്നാണ് അവകാശവാദം. ഓരോ വ്യക്തിയുടേയും ഗ്രേഡ് നിലയും താത്പര്യങ്ങൾക്കും അനുസരിച്ചാവും പഠിപ്പിക്കുക. ഫീഡ്ബാക്ക് മനസിലാക്കി ആവശ്യമെങ്കിൽ പാഠ്യഭാഗങ്ങൾ കൂടുതൽ വിശദമാക്കിത്തരും. വ്യക്തിഗത പഠനാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.
ഈ ടൂൾ ഉപയോഗിച്ച് വിദ്യാർഥികൾക്കും അധ്യാപകർക്കും സ്ലൈഡുകൾ, വിവരണം, ഓഡിയോ പാഠങ്ങൾ, മൈൻഡ് മാപ്പുകൾ എന്നിവ ഉപയോഗിച്ച് പാഠഭാഗങ്ങൾ പഠിക്കാനോ പഠിപ്പിക്കാനോ സാധിക്കും. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നോത്തരികളും ലഭ്യമാണ്. ഉപയോക്താക്കൾ പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റിൽ (PDF) ഒരു ഡോക്യുമെന്റ് അപ്ലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് ഗ്രേഡും താത്പര്യങ്ങളും തിരഞ്ഞെടുത്ത് പേഴ്‌സണലൈസ് ചെയ്യണം. ഓരോരുത്തർക്കുംവേണ്ടി വ്യക്തിഗതമായി പാഠഭാഗങ്ങൾ ഇതോടെ തയ്യാറാക്കപ്പെടും. ഉപയോക്താക്കൾക്ക് ടെക്സ്റ്റ്, ഓഡിയോ, സ്ലൈഡുകൾ, മറ്റ് ഫോർമാറ്റുകൾ എന്നിവ ഉപയോഗിക്കാൻ സാധിക്കും.
പാഠഭാഗങ്ങൾ ഒന്നിലധികം ഫോർമാറ്റുകളിൽ അവതരിപ്പിക്കുമ്പോൾ വിദ്യാർഥികൾക്ക് അത് നന്നായി മനസിലാക്കാനും ഓർമ്മിച്ചെടുക്കാനും സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ ഡിജിറ്റൽ റീഡറുകൾ വായിച്ച് പഠിക്കുന്നവരെ അപേക്ഷിച്ച് Learn Your Way ഉപയോഗിക്കുന്ന വിദ്യാർഥികൾ ഓർമ്മശക്തി പരിശോധനകളിൽ ഗണ്യമായി ഉയർന്ന സ്‌കോർ നേടി എന്നാണ്. പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് ഗൂഗിൾ റിസർച്ച് അവകാശപ്പെടുന്നു. കൂടുതൽ വിവരങ്ങൾ വിദ്യാർഥികൾക്ക് മുന്നിലേക്ക് എത്തിക്കുകയല്ല ടൂൾ ചെയ്യുന്നത്. വിദ്യാർഥികൾക്ക് പഠന രീതി തിരഞ്ഞെടുക്കാനുള്ള അവസരം നൽകി പഠനം കൂടുതൽ ആകർഷകവും ഫലപ്രദവുമാക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്.
മെച്ചപ്പെട്ട പഠനം, ഓർമ്മശക്തി
ഇതിന്റെ കാര്യക്ഷമത വിലയിരുത്താൻ 15-നും 18-നും ഇടയിൽ പ്രായമുള്ള 60 വിദ്യാർഥികളെ ഉൾപ്പെടുത്തി ഒരു പഠനം നടത്തി എന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. പരമ്പരാഗത പാഠപുസ്തകവും Learn Your Way-യും ഉപയോഗിച്ച് കൗമാരക്കാരുടെ തലച്ചോറിന്റെ വികാസത്തെക്കുറിച്ച് 40 മിനിറ്റുനേരം പഠിക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടു. 4-5 ദിവസങ്ങൾക്ക് ശേഷം ഒരു പരീക്ഷ നടത്തി. പഠന സെഷന് ശേഷമുള്ള വിലയിരുത്തലിൽ Learn Your Way ഗ്രൂപ്പ് ശരാശരി 9 ശതമാനം ഉയർന്ന സ്‌കോർ നേടി. 3-5 ദിവസങ്ങൾക്ക് ശേഷം നടത്തിയ ഓർമ്മശക്തി വിലയിരുത്തലിൽ 11 ശതമാനം ഉയർന്ന സ്‌കോർ നേടാനും വിദ്യാർഥികൾക്ക് കഴിഞ്ഞുവെന്നാണ് ഗൂഗിൾ പറയുന്നത്.



