ന്യൂഡൽഹി: ജൂൺ 21-ന് നടക്കുന്ന നീറ്റ് യു.ജി. പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവെച്ചു. ടെലഗ്രാമിന് ഇളവുകൾ നൽകാൻ വിസമ്മതിച്ച കോടതി, സെക്ഷൻ 69A പ്രകാരം ആപ്പ് വിലക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്ന് വ്യക്തമാക്കി. ജൂൺ 22 വരെയാണ് ടെലഗ്രാമിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയത്.
സർക്കാർ സ്വീകരിച്ചത് വളരെ അത്യാവശ്യമായ മുൻകരുതൽ നടപടികൾ മാത്രമാണെന്നും തീരുമാനമെടുക്കുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നും ജസ്റ്റിസ് തേജസ് കരിയ നിരീക്ഷിച്ചു. പരീക്ഷാ തട്ടിപ്പ് നടത്തുന്ന റാക്കറ്റുകൾ സ്ഥാനാർത്ഥികളെ കബളിപ്പിക്കാനായി ടെലഗ്രാം വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം ആപ്പ് വിലക്കിയത്.
ടെലഗ്രാമിൻ്റെ പ്രത്യേകതകൾ കാരണം സൈബർ കുറ്റവാളികൾക്കും തീവ്രവാദ ഗ്രൂപ്പുകൾക്കും ചോദ്യപേപ്പർ ചോർത്തുന്നവർക്കും സുരക്ഷിത താവളമായി മാറിയെന്നും പ്ലാറ്റ്‌ഫോം ഇപ്പോൾ ഒരു പുതിയ ഡാർക്ക് വെബ്ബ് ആയി മാറിയെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ (I4C) വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ വാദം ഉന്നയിച്ചത്.
അതേസമയം, മുഴുവൻ പ്ലാറ്റ്‌ഫോമും നിരോധിക്കുന്നതിന് പകരം പ്രശ്നമുള്ള ഉള്ളടക്കങ്ങൾ മാത്രം എന്തുകൊണ്ട് വിലക്കിയില്ലെന്ന് സർക്കാരിന് വിശദീകരിക്കാനായിട്ടില്ലെന്ന് ടെലഗ്രാമിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ധ്രുവ് മേത്ത വാദിച്ചു. അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചുള്ള സർക്കാരിൻ്റെ നടപടിയെ ചോദ്യം ചെയ്ത അദ്ദേഹം, നീറ്റ് പോലൊരു പരീക്ഷ ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും എങ്ങനെയാണ് ബാധിക്കുകയെന്നും കോടതിയിൽ ചോദിച്ചു. ഈ വാദങ്ങൾ തള്ളിയ കോടതി സർക്കാരിന്റെ സുരക്ഷാ നടപടിയെ അനുകൂലിക്കുകയായിരുന്നു.
Leave a Comment
Your comment will be visible after admin approval.