ഓണപ്പൊലിമയിൽ ചരിത്രം കുറിച്ച് ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണ മഹോത്സവം അവിസ്മരണീയമായി

Global Indian Writer · September 2, 2026 · 1 min read · 0 Comments · 0 Shares

സുമോദ് തോമസ് നെല്ലിക്കാല

ഫിലഡൽഫിയ: കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും വിളിച്ചോതിക്കൊണ്ട് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ (TKF) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ട്രൈസ്റ്റേറ്റ് കേരള ഫോറം 2026 ഓണ മഹോത്സവം” വിവിധ കലാപരിപാടികളുടെയും സാംസ്കാരിക അവതരണങ്ങളുടെയും പുരസ്കാര വിതരണത്തിന്റെയും വേദിയൊരുക്കികൊണ്ട് കേരളീയ പൈതൃകത്തിന് അമേരിക്കൻ മണ്ണിൽ തിലകക്കുറി ചാർത്തി പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. സംഗീതം, നൃത്തം, ഘോഷയാത്ര, പൊതുസമ്മേളനം, പുരസ്കാര വിതരണം, സ്റ്റേജ് ഷോ എന്നിവകൊണ്ട് സമ്പന്നമായ ആഘോഷത്തിൽ വിവിധ തലമുറകളിലുള്ള മലയാളികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും കേരളീയ സംസ്കാരത്തിന്റെ പാരമ്പര്യവും ആഘോഷമാക്കി മാറ്റിയ പരിപാടിയിൽ നിരവധി സാമൂഹിക, സാംസ്കാരിക, കലാ രംഗത്തെ പ്രമുഖർ പങ്കെടുത്തു.


പരിപാടിയുടെ തുടക്കത്തിൽ ശ്രീമതി ഷിജി ഷാനി എം.സിയായി ഏകോപിപ്പിച്ച ഗാനാലാപന സദസ് മുന്നോടിയായി നടന്നു. സുമോദ് നെല്ലിക്കാല, ജീമോൻ ജോർജ്, ഷിജി ഷാനി, റീമ അബി, ജെയ്‌സൺ വർഗീസ് എന്നിവർ അവതരിപ്പിച്ച ഗാനങ്ങളോട് കൂടി ആഘോഷത്തിന് തുടക്കമായി.
കേരളീയ തനിമ വിളിച്ചോതിയ ഓണ ഘോഷയാത്ര പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി. ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ബാനറിന് കീഴിൽ ഭാരവാഹികളും വിശിഷ്ടാതിഥികളും താലപ്പൊലിയുമായി അണിനിരന്നപ്പോൾ മഹാബലിയുടെ സാന്നിധ്യവും ചെണ്ടമേളവും ഘോഷയാത്രയ്ക്ക് ഉത്സവച്ഛായ നൽകി. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പരിപാടി പങ്കാളികളും ഘോഷയാത്രയിൽ അണിനിരന്നു.
ഘോഷയാത്രയുടെ അറിയിപ്പുകളും അവതരണവും ജീമോൻ ജോർജും സുരേഷ് നായരും നിർവഹിച്ചു. കേരളത്തിന്റെ പരമ്പരാഗത ഓണാചാരങ്ങളും കലാരൂപങ്ങളും അമേരിക്കൻ മലയാളി സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചുകൊണ്ട് കേരളത്തിലെ ഓണാഘോഷങ്ങളുടെ ദൃശ്യഭംഗി അമേരിക്കൻ മലയാളി സമൂഹത്തിന് മുന്നിൽ പുനഃസൃഷ്ടിച്ച മനോഹരമായ വേദിയായി ഘോഷയാത്ര മാറി. സുരേഷ് നായർ ഒരുക്കിയ പൂക്കളം ശ്രെദ്ധ പിടിച്ചു പാറ്റി.
തുടർന്ന് ഭാരവാഹികളും വിശിഷ്ടാതിഥികളും ചേർന്ന് നിലവിളക്ക് തെളിയിച്ചു. ചടങ്ങിന്റെ എം.സി.മാരായി സാജൻ വർഗീസും അഭിലാഷ് ജോണും നേതൃത്വം നൽകി.

കേരളീയ കലാപാരമ്പര്യത്തിന്റെ മനോഹാരിത നിറച്ച മെഗാ തിരുവാതിരയും മെഗാ മോഹിനിയാട്ടവും വേദിയിൽ അരങ്ങേറി. മാതാ ഡാൻസ് അക്കാദമിയിലെ ഗുരു ഗിന്നസ് ബേബി തടവിനാലിന്റെ നേതൃത്വത്തിലായിരുന്നു കൊറിയോഗ്രഫി. നൃത്താവിഷ്കാരങ്ങൾ കാണികളുടെ കൈയടി നേടി.
തുടർന്ന് ഓണത്തിന്റെ ഐതിഹ്യവും മലയാളിയുടെ ജീവിതത്തിൽ ഓണത്തിനുള്ള സാംസ്കാരിക പ്രാധാന്യവും ഓർമ്മിപ്പിക്കുന്ന മഹാബലിയുടെ സന്ദേശവും ഓണം കൗണ്ട്‌ഡൗൺ വീഡിയോ പ്രദർശനവും നടന്നു. ഓണത്തിന്റെ ഐതിഹ്യവും മലയാളിയുടെ സാംസ്കാരിക ജീവിതത്തിൽ ഓണത്തിനുള്ള സ്ഥാനവും ഓർമിപ്പിക്കുന്നതായിരുന്നു പരിപാടി.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ട്രൈസ്റ്റേറ്റ് കേരള ഫോറം ജനറൽ സെക്രട്ടറി ജോബി ജോർജ് പൊതുസമ്മേളനത്തിന്റെ എം.സിയായി പരിപാടികൾ നിയന്ത്രിച്ചു.

അമേരിക്കൻ ദേശീയഗാനം ഡോ. ജാസ്മിൻ വിൻസന്റ് എം.ഡി. ആലപിച്ചു. ഇന്ത്യൻ ദേശീയഗാനം മിസ്. അബിയ മാത്യു ആലപിച്ചു.
ഓണം ആഘോഷ കമ്മിറ്റി ചെയർമാനും ട്രൈസ്റ്റേറ്റ് കേരള ഫോറം ഭാരവാഹിയുമായ ബിനു മാത്യു സ്വാഗത പ്രസംഗം നടത്തി. അമേരിക്കൻ മലയാളി സമൂഹത്തിൽ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും കേരളീയ സംസ്കാരവും ഭാഷയും പാരമ്പര്യവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനും ഇത്തരം ആഘോഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകളും വ്യക്തികളും ഒത്തുചേർന്ന് നടത്തുന്ന കൂട്ടായ പ്രവർത്തനങ്ങളാണ് ഒരു സമൂഹത്തിന്റെ ശക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ലെനോ സ്കറിയ അധ്യക്ഷപ്രസംഗം നടത്തി. സംഘടനയുടെ പ്രവർത്തനങ്ങളിൽ അംഗങ്ങളുടെയും സമൂഹത്തിന്റെയും സഹകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു. അമേരിക്കൻ മലയാളി സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയിൽ ട്രൈസ്റ്റേറ്റ് കേരള ഫോറം തുടർന്നും സജീവമായ പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മലയാളി സമൂഹത്തെ ഒരുമിപ്പിക്കുകയും വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തികളെ ആദരിക്കുകയും ചെയ്യുന്നത് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി
ചടങ്ങിലെ ഏറ്റവും ശ്രദ്ധേയമായ മുഹൂർത്തമായിരുന്നു ഡോ. എം.വി. പിള്ളക്ക് ട്രൈസ്റ്റേറ്റ് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിച്ചത്.

വിൻസന്റ് ഇമ്മാനുവൽ ഡോ. എം.വി. പിള്ളയെ സദസിന് പരിചയപ്പെടുത്തി. തുടർന്ന് അദ്ദേഹത്തിന്റെ ജീവിതവും സാമൂഹിക-വൈദ്യശാസ്ത്ര രംഗങ്ങളിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും ഉൾക്കൊള്ളുന്ന പ്രത്യേക വീഡിയോയും പ്രദർശിപ്പിച്ചു.
അദ്ദേഹത്തിന്റെ ദീർഘകാലത്തെ സേവനങ്ങൾക്കും സമൂഹത്തിനും വിവിധ മേഖലകൾക്കും നൽകിയ സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് പുരസ്കാരം നൽകിയത് എന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ ജീമോൻ ജോർജ് സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
അവാർഡ് സ്വീകരിച്ചുകൊണ്ട് സംസാരിച്ച ഡോ. പിള്ള തനിക്ക് ലഭിച്ച അംഗീകാരം വ്യക്തിപരമായ ബഹുമതിയായി മാത്രം കാണുന്നില്ലെന്നും, സമൂഹത്തിനായി പ്രവർത്തിക്കാൻ ലഭിക്കുന്ന പ്രചോദനമായാണ് കാണുന്നതെന്നും വ്യക്തമാക്കി. അമേരിക്കൻ മലയാളി സമൂഹത്തിന്റെ വളർച്ചയിൽ കൂട്ടായ പ്രവർത്തനത്തിനും പരസ്പര പിന്തുണയ്ക്കും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസത്തോടൊപ്പം സമൂഹബോധവും സാംസ്കാരിക മൂല്യങ്ങളും പകർന്നു നൽകേണ്ടത് മുതിർന്ന തലമുറയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ 24 ന്യൂസ് ചാനൽ എഡിറ്ററും ഫ്ലവേഴ്സ് ടിവിയുമായി ബന്ധപ്പെട്ട പ്രവർത്തകനുമായ പി.പി. ജെയിംസ് ആശംസാപ്രസംഗം നടത്തി. അമേരിക്കൻ മലയാളി സമൂഹം കേരളത്തിന്റെ സംസ്കാരവും ഭാഷയും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തികളെ ആദരിക്കുന്നത് സമൂഹത്തിലെ മറ്റുള്ളവർക്കും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഓണം മലയാളിയുടെ മനസ്സിൽ നന്മയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ആഘോഷമാണെന്നും, അമേരിക്കൻ മണ്ണിൽ കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് നിർണായക പങ്കുണ്ടെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ട്രൈസ്റ്റേറ്റ് കേരള ഫോറം ട്രഷറർ രാജൻ സാമുവൽ നന്ദി രേഖപ്പെടുത്തി. പരിപാടി വിജയിപ്പിക്കുന്നതിനായി പ്രവർത്തിച്ച സംഘാടക സമിതി അംഗങ്ങൾക്കും സ്പോൺസർമാർക്കും കലാകാരന്മാർക്കും സന്നദ്ധ പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.
പൊതുസമ്മേളനത്തിന് ശേഷം നടന്ന സാംസ്കാരിക പരിപാടികൾ മലയാളി കുടുംബങ്ങളുടെയും കുട്ടികളുടെയും കലാപ്രതിഭകൾക്ക് വേദിയായി.
റോണി വർഗീസ് പരിപാടികളുടെ അവതാരകരായ ഷേർളി ജീവൻ, അൻസു എന്നിവരെ പരിചയപ്പെടുത്തി.

സംസ്കൃതി സ്കൂൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് കൃതി ഷായുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ അരങ്ങേറി. തുടർന്ന് അർച്ചന ജോസഫ്, ലിറ്റി മെൽവിൻ, പൂർണിമ റോജ്, അൻസു അലപാട്ട്, ബേബി കുട്ടിയാനിക്കൽ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഗ്രൂപ്പ് ഗാനവും ശ്രദ്ധേയമായി.
ലാസ്യ ഡാൻസ് അക്കാദമി, ആശ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്താവിഷ്കാരവും വേദിയിൽ അരങ്ങേറി.

അമേരിക്കയിൽ ജനിച്ചുവളരുന്ന പുതുതലമുറയ്ക്ക് കേരളീയ കലാരൂപങ്ങളുമായി പരിചയപ്പെടാനും അവ അവതരിപ്പിക്കാനുമുള്ള അവസരം നൽകുന്നത് സാംസ്കാരിക പൈതൃക സംരക്ഷണത്തിന് ഏറെ സഹായകരമാണെന്ന് സംഘാടകർ പറഞ്ഞു.
ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കർഷക രത്നം അവാർഡ് മത്സരവും ശ്രദ്ധേയമായി. അനീഷ് ജോയ്, അലക്സ് തോമസ്, ഫിലിപ്പോസ് ചെറിയാൻ എന്നിവർ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിച്ചു.
ഒന്നാം സ്ഥാനം ഡാനിയൽ ജോയ് – സാലി ജോയ് ദമ്പതികൾ നേടി. ഇൻഡക്സ് വെൽത്ത് സൊല്യൂഷൻസ് സി.ഇ.ഒ. തോമസ് സക്കറിയ ക്യാഷ് അവാർഡ് സമ്മാനിച്ചു. ഇമ്മാനുവേൽ റിയാലിറ്റി എവർ റോളിംഗ് ട്രോഫി ചെയർമാൻ ലെനോ സ്കറിയ കൈമാറി.
രണ്ടാം സ്ഥാനം ജെയിംസ് ഡാനിയൽ നേടി. സ്പോൺസർ അലക്സ് തോമസ്, ന്യൂയോർക്ക് ലൈഫ് ഇൻഷുറൻസ് പുരസ്കാരം സമ്മാനിച്ചു.
മൂന്നാം സ്ഥാനം തോമസ് വർഗീസിന് ലഭിച്ചു. പുരസ്കാരം സ്പോൺസർ അനീഷ് ജോയ് സമ്മാനിച്ചു.
സ്പെഷ്യൽ അപ്രിസിയേഷൻ അവാർഡ് ബ്രിജറ്റ് വിൻസന്റിന് ലഭിച്ചു. സ്പോൺസർ ജോബി ജോർജ്കുട്ടി പുരസ്കാരം സമ്മാനിച്ചു.

കേരളീയ വേഷവിധാനത്തിന്റെ ഭംഗി നിറച്ച ബെസ്റ്റ് ഡ്രസ്ഡ് കപ്പിൾസ് മത്സരവും നടന്നു. ഫിലിപ്പോസ് ചെറിയാനും സോസമ്മ ചെറിയാനും സ്പോൺസർമാരായിരുന്നു. സിജു ജോൺ, ദിലീപ് ജോർജ്, ബ്രിജറ്റ് വിൻസന്റ് എന്നിവർ കോ-ഓർഡിനേറ്റർമാരായി.
ബെസ്റ്റ് ഡ്രസ്ഡ് കപ്പിൾ പുരസ്കാരം സുബിൻ – അനീറ്റ ദമ്പതികൾ നേടി.
ബെസ്റ്റ് ഡ്രസ്ഡ് മാൻ പുരസ്കാരം ആക്കോസ് മെന്റു ലാൽ നേടി.
ബെസ്റ്റ് ഡ്രസ്ഡ് വുമൺ പുരസ്കാരം സാന്ദ്ര ജോയൽ നേടി.
ഓണത്തിന്റെ പാരമ്പര്യ വസ്ത്രധാരണവും കേരളീയ സൗന്ദര്യബോധവും ആഘോഷിക്കുന്നതായിരുന്നു മത്സരം.

സംഗീതവും നൃത്തവും പാരമ്പര്യവും സാമൂഹിക കൂട്ടായ്മയും പുരസ്കാരങ്ങളും ഒത്തുചേർന്ന ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണം ആഘോഷം, അമേരിക്കൻ മലയാളി സമൂഹത്തിന്റെ സാംസ്കാരിക ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായ പ്രതിഫലനമായി മാറി.
തോമസ് പോൾ, സുധ കര്‍ത്ത, സാജന്‍ വറുഗീസ്, ദിലീപ് ജോര്‍ജ്ജ്, ജോൺ പണിക്കര്‍, സുമോദ് നെല്ലിക്കാല, അരുൺ, അനൂപ്, സിജിൻ എന്നിവരും പരിപാടിയുടെ വിജയത്തിനായി വിവിധ നിലകളിൽ പ്രെവർത്തിച്ചു.
പരിപാടിയുടെ സമാപനഘട്ടത്തിൽ മക്കാഫി യുടെ നേതൃത്വത്തിൽ മലയാളത്തിന്റെ ജനപ്രിയ പിന്നണിഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിച്ച സ്റ്റേജ് ഷോ അരങ്ങേറി. സുധീഷ്, കീർത്തന, ഷിജു, യാസിർ, വിപിൻ, സുനീഷ് എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. മലയാള സിനിമയിലെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്ന് സദസിനെ ആവേശത്തിലാഴ്ത്തി. ഡി ഫോർ ഡാൻസിലൂടെ സുപരിചിതനായ സുഹൈദ് കുക്കു, ട്രൈസ്റ്റേറ്റ് ഡാൻസ് കമ്പനി യുടെ നേതൃത്വത്തിൽ ജിത്തു എന്നിവർ അവതരിപ്പിച്ച നൃത്താവിഷ്കാരവും പരിപാടി മറ്റു കൂട്ടി.
കേരളത്തിന്റെ മണ്ണിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെയായിരുന്നാലും ഓണത്തിന്റെ നന്മയും സ്നേഹവും സാഹോദര്യവും സംരക്ഷിച്ച് അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള അമേരിക്കൻ മലയാളി സമൂഹത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതായിരുന്നു ആഘോഷം. മലയാള സിനിമാഗാനങ്ങളുടെ മാധുര്യവും സംഗീതത്തിന്റെ ആവേശവും നിറഞ്ഞ പ്രകടനം ഓണാഘോഷത്തിന് ഉജ്ജ്വലമായ സമാപനം സമ്മാനിച്ചു.
മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറാനുള്ള പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ട്രൈസ്റ്റേറ്റ് കേരള ഫോറം 2026 ഓണം ആഘോഷം, വിവിധ തലമുറകളിലുള്ള മലയാളികൾക്ക് ഒരുമിച്ച് ആഘോഷിക്കാനും കലാ-സാംസ്കാരിക പൈതൃകം പങ്കുവയ്ക്കാനും അവസരമൊരുക്കിയ ശ്രദ്ധേയമായ കൂട്ടായ്മയായി മാറി.
ഓണത്തിന്റെ പ്രധാന ആചാരങ്ങളിലൊന്നായ സദ്യയും ആഘോഷത്തിന്റെ കൂട്ടായ്മയ്ക്ക് കൂടുതൽ മികവ് നൽകി. അഭിലാഷ് ജോണിന്റെ നേതൃത്വത്തിൽ ആയിരുന്നു ഫുഡ് കമ്മിറ്റി പ്രെവർത്തിച്ചത്. ഓണസദ്യ മലയാളി കൂട്ടായ്മയുടെ അവിഭാജ്യഘടകമാണെന്നും, ആയിരത്തിൽപരം മലയാളികൾ ഒരുമിച്ച് ഇരുന്ന് ഭക്ഷണം പങ്കിടുന്നതിലൂടെ ഓണത്തിന്റെ സാഹോദര്യസന്ദേശം കൂടുതൽ ശക്തമാകുന്നുവെന്നും സംഘാടകർ പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.