ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ കേരളപ്പിറവി ആഘോഷം നവംബർ 8ന്

Global Indian Writer · September 28, 2026 · 1 min read · 0 Comments · 0 Shares

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം നവംബർ 8 ഞായറാഴ്ച വൈകുന്നേരം 4ന് അസൻഷൻ മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ (10197 Northeast Ave, Philadelphia, PA 19116) നടക്കും. കേരളത്തിന്റെ ഭാഷ, സംസ്കാരം, പാരമ്പര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം പ്രവാസി മലയാളികളുടെ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിവിധ കലാ-സാംസ്കാരിക പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. സംഗീതം, നൃത്തം ഉൾപ്പെടെയുള്ള വിവിധ വിനോദപരിപാടികൾ പരിപാടിക്ക് മാറ്റുകൂട്ടും. ട്രൈസ്റ്റേറ്റ് മേഖലയിലെ മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ വിപുലമായ രീതിയിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ട്രൈസ്റ്റേറ്റ് കേരള ഫോറം കേരളാ ഡേ ചെയർമാൻ തോമസ് പോൾ അറിയിച്ചു.

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ലെനോ സ്കറിയ, സെക്രട്ടറി ജോബി ജോർജ്, ട്രഷറർ രാജൻ സാമുവൽ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ആഘോഷത്തിന്റെ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. കേരളത്തിന്റെ സാംസ്കാരിക പൈതൃകം പ്രവാസി സമൂഹത്തിലും പുതുതലമുറയിലും കൂടുതൽ ശക്തമായി പരിചയപ്പെടുത്തുന്നതിനും മലയാളി സമൂഹത്തിന്റെ കൂട്ടായ്മ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും ഇത്തരം ആഘോഷങ്ങൾ സഹായകമാണെന്ന് സംഘാടകർ പറഞ്ഞു.

കേരളത്തിൽനിന്ന് അകലെയാണെങ്കിലും കേരളത്തിന്റെ ഭാഷയും സംസ്കാരവും പാരമ്പര്യവും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന പ്രവാസി മലയാളികളുടെ സംഗമമായി കേരളപ്പിറവി ആഘോഷം മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. ആഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിയാണ് പ്രവർത്തിക്കുന്നത്.

വിൻസന്റ് ഇമ്മാനുവൽ, ജോർജ് ഓലിക്കൽ, അലക്സ് തോമസ്, സുധ കർത്ത, അഭിലാഷ് ജോൺ, ഫിലിപ്പോസ് ചെറിയാൻ, ജീമോൻ ജോർജ്, സുരേഷ് നായർ, ആഷ അഗസ്റ്റ്യൻ, ബിനു മാത്യു, സുമോദ് നെല്ലിക്കാല, റോണി വർഗീസ്, സാജൻ വർഗീസ്, ദിലീപ് ജോർജ്, ജോൺ പണിക്കർ എന്നിവർ വിവിധ ചുമതലകൾ വഹിച്ച് പ്രവർത്തിച്ചുവരുന്നു. ട്രൈസ്റ്റേറ്റ് കേരള ഫോറം ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഫിലഡൽഫിയയിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ മലയാളികളെയും കുടുംബസമേതം എത്തിച്ചേർന്ന് കേരളപ്പിറവി ദിനാഘോഷം വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. സുമോദ് തോമസ് നെല്ലിക്കാല

Share this story

Leave a Comment

Your comment will be visible after admin approval.