ഏക രാജ്യസഭാ സീറ്റ് കോൺഗ്രസിന് നൽകി ടിവികെ

Global Indian Writer · June 3, 2026 · 1 min read · 0 Comments · 0 Shares

ചെന്നൈ: ജൂൺ 18ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഏക രാജ്യസഭാ സീറ്റ് കോൺഗ്രസിന് നൽകി ടിവികെ. ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. സംസ്ഥാനത്തെ ടിവികെ നേതൃത്വത്തിലുള്ള സഖ്യത്തിലെ പ്രധാന കക്ഷിയാണ് കോൺഗ്രസ്. പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സി.വി. ഷൺമുഖം രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടെടുപ്പ് ജൂൺ 18-ന് നടക്കുമെന്ന് റിട്ടേണിങ് ഓഫീസർ പി.തേൻമൊഴി ചൊവ്വാഴ്ച അറിയിച്ചിരുന്നു. മുൻ സംസ്ഥാന മന്ത്രി കൂടിയായ സി.വി ഷൺമുഖം ഏപ്രിൽ 23-ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൈലം മണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മേയ് ഏഴിനാണ് അദ്ദേഹം രാജ്യസഭാംഗത്വം രാജിവെച്ചത്.

ജൂൺ എട്ട് ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജൂൺ ഒമ്പതിന് രാവിലെ 11ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന സമയമായ ജൂൺ 11 വൈകിട്ട് മൂന്നിന് ശേഷവും ഒന്നിലധികം സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടെങ്കിൽ, ജൂൺ 18-ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെ സെക്രട്ടേറിയറ്റിൽ വോട്ടെടുപ്പ് നടക്കും.

Share this story

Leave a Comment

Your comment will be visible after admin approval.