യുഎഇയിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

Global Indian Writer · May 12, 2026 · 1 min read · 0 Comments · 0 Shares

ദുബൈ: യുഎഇയിലെ ഗവൺമെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കായി ഈ വർഷത്തെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചത്. ഇതിനു മുൻപും ശേഷവുമുള്ള ശനി, ഞായർ വാരാന്ത്യ ദിനങ്ങൾ കൂടി ചേരുമ്പോൾ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി ഒൻപത് ദിവസത്തെ അവധി ആഘോഷിക്കാം. മെയ് 30, 31 തീയതികളിലെ വാരാന്ത്യ അവധിക്കുശേഷം ജൂൺ ഒന്നിനായിരിക്കും ഓഫീസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുകയെന്നും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ അറിയിച്ചു.

ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഇത്തവണത്തെ ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ചയാകാനാണ് സാധ്യതയെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ സൂചിപ്പിച്ചു. ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തിൽ മെയ് 17 ഞായറാഴ്ച ജബൽ നസ്‌വ ട്രയലിൽ പ്രത്യേക യോഗം ചേരും. അന്ന് വൈകുന്നേരം ചന്ദ്രക്കല ദൃശ്യമായാൽ മെയ് 18 തിങ്കളാഴ്ച ദുൽഹിജ്ജ ഒന്നായി കണക്കാക്കും. പരമ്പരാഗതമായ മാസപ്പിറവി നിരീക്ഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂവെങ്കിലും നിലവിലെ പ്രഖ്യാപനം അനുസരിച്ച് സർക്കാർ ജീവനക്കാർക്ക് മികച്ചൊരു അവധിക്കാലമാണ് വരാനിരിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.