യുകെ മലയാളി ജോഷി ജെയിംസ് ചിറക്കൽ (59) അന്തരിച്ചു

Global Indian Writer · September 10, 2026 · 1 min read · 0 Comments · 0 Shares

ലണ്ടൻ: ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്ന യുകെ മലയാളി ജോഷി ജെയിംസ് ചിറക്കൽ (59) ചെസ്റ്ററിൽ അന്തരിച്ചു. സെപ്റ്റംബർ 7ന് രാവിലെ 7.15നായിരുന്നു അന്ത്യം. കോട്ടയം ഏറ്റുമാനൂർ ചിറക്കൽ വീട്ടിൽ പരേതനായ എൻ.ജെ. ജെയിംസിന്റെയും ചിന്നമ്മ ജെയിംസിന്റെയും മകനാണ് ജോഷി.

കഴിഞ്ഞ മൂന്നര വർഷമായി കുടുംബത്തോടൊപ്പം ചെസ്റ്ററിലായിരുന്നു താമസം. വാറിങ്ടണിൽ റോയൽ മെയിലിൽ ജോലി ചെയ്തുവരികയായിരുന്നു. ജൂണിൽ നാട്ടിലായിരിക്കെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ട്യൂമർ കണ്ടെത്തിയത്. ജൂണിൽ തന്നെ നാട്ടിൽ ശസ്ത്രക്രിയ നടത്തി. ഏകദേശം ഒരു മാസത്തിനുശേഷം ജോഷി യുകെയിലേക്ക് മടങ്ങിയെത്തി. പിന്നീട് വീണ്ടും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ട്യൂമർ വീണ്ടും വളർന്നതായി കണ്ടെത്തിയത്.

ചെസ്റ്ററിലെ ക്ലാറ്റർബ്രിഡ്ജ് കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. രോഗാവസ്ഥ ഗുരുതരമായതോടെ അവസാന ഒരു മാസത്തോളം ചെസ്റ്ററിൽ ഹോസ്പൈസ് പരിചരണത്തിലായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മരണം. മലയാളി സമൂഹത്തിലും വിവിധ സംഘടനകളിലും സജീവമായിരുന്നു. ഭാര്യ ജെമ്മ ഗൽഗാനി ചെസ്റ്ററിലെ എൻഎച്ച്എസ് കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്.

മക്കൾ: ഡോ. ജെറി ജോഷി (മൈസൂർ), ജെസ്‌ലിൻ ജോഷി (കാനഡ). സഹോദരങ്ങൾ: ജെയ്ൻ ജോണി (എറണാകുളം), ജെസ്സമ്മ തോമസ് (യുകെ), ജാൻസിമോൾ തോമസ്(ഓസ്ട്രേലിയ), ഫാ. ജസ്റ്റിൻ ജെയിംസ് (കണ്ണൂർ), ജെയ്‌സൺ ജെയിംസ് (യുകെ). സെപ്റ്റംബർ 12 ശനിയാഴ്ച ചെസ്റ്ററിലെ സെന്റ് കൊളംബാസ് ദേവാലയത്തിൽ ജോഷിയുടെ പൊതുദർശനവും തുടർന്നുള്ള ചടങ്ങുകളും നടക്കും. രാവിലെ 11.30ന് മൃതദേഹം ദേവാലയത്തിൽ എത്തിക്കും. 12.15ന് തിരുക്കർമങ്ങൾ ആരംഭിക്കും. ജോഷിയുടെ സംസ്കാരം നാട്ടിൽവച്ച് നടത്താനാണ് കുടുംബാംഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്. സംസ്കാര സമയവും മറ്റ് ക്രമീകരണങ്ങളും പിന്നീട് അറിയിക്കും.

Share this story

Leave a Comment

Your comment will be visible after admin approval.