ഫാ. ജിനു തെക്കേത്തലക്കൽ
വത്തിക്കാൻ : കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ഭയാനകമായ സാഹചര്യമാണ് നിലവിൽ ഉക്രൈനിലെ കുട്ടികൾ നേരിടുന്നതെന്നു യൂണിസെഫ് സംഘടന ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ജൂലൈ മാസത്തിൽ മാത്രം ഉക്രൈനിൽ 17 കുട്ടികൾ കൊല്ലപ്പെടുകയും, 166 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് മുൻ മാസത്തെ അപേക്ഷിച്ച് 49 ശതമാനം കൂടുതലാണ്.
2022 ഫെബ്രുവരിയിൽ യുദ്ധം രൂക്ഷമായത് മുതൽ ഇതുവരെ ഏകദേശം 3,946 കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലായിരിക്കാനാണ് സാധ്യതയെന്ന് യുണിസെഫ് ചൂണ്ടിക്കാട്ടുന്നു. വീടുകളിലും കളിസ്ഥലങ്ങളിലും സ്കൂളുകളിലും വെച്ച് പോലും കുട്ടികൾ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും, അനേകം കുരുന്നുകളുടെ ഭാവി എന്നെന്നേക്കുമായി തകർക്കപ്പെട്ടുവെന്നും യുണിസെഫ് പ്രതിനിധി ആനി-ക്ലെയർ ദുഫേ പറഞ്ഞു. കുട്ടികൾക്ക് സമാധാനമാണ് ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു.
യുദ്ധബാധിതരായ കുട്ടികൾക്കും കുടുംബങ്ങൾക്കും യുണിസെഫ് അടിയന്തര സഹായം നൽകിവരുന്നുണ്ട്. മാനസികാരോഗ്യ പിന്തുണയും കുട്ടികൾക്ക് മുടക്കം കൂടാതെ പഠനം തുടരുന്നതിനായി സ്കൂളുകളിൽ ഷെൽട്ടറുകൾ ഒരുക്കുന്ന പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളെയും ആശുപത്രികൾ ഉൾപ്പെടെയുള്ള പൊതുജനത്തിനുവേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കണമെന്നും, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പൂർണ്ണമായി പാലിക്കണമെന്നും യുണിസെഫ് ലോകരാജ്യങ്ങളോട് ശക്തമായി ആവശ്യപ്പെട്ടു.
Leave a Comment
Your comment will be visible after admin approval.