ദുബായ് : കുവൈത്തിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം ഇറാന്റെ മിസൈൽ ആക്രമണം അതിരൂക്ഷമായി. കുവൈത്ത് തലസ്ഥാന നഗരത്തിലാണ് ആക്രമണം കൂടുതൽ. ക്രൂസ് മിസൈലുകളും ഡ്രോണുകളുമാണ് കുവൈത്ത് നഗരത്തിൽ ആക്രമണം നടത്തുന്നത്. തുടർച്ചയായ സൈറൺ വൈകുന്നേരത്തോടെയാണ് നിന്നത്. സ്ഫോടനത്തെ തുടർന്നുള്ള പുക ആകാശത്ത് നിറഞ്ഞു. തുടർച്ചയായി സ്ഫോടന ശബ്ദം കേൾക്കുന്നതായി അവിടെ നിന്നുള്ളവർ പറഞ്ഞു.
∙ ഇന്നലെ മാത്രം യുഎഇക്കു നേരെ 112 ഡ്രോൺ ആക്രമണം ഉണ്ടായി. 109 എണ്ണം നിർവീര്യമാക്കി. 3 എണ്ണം ഭൂമിയിൽ പതിച്ചു. 9 ബാലിസ്റ്റിക് മിസൈലുകളും യുഎഇ നേരിട്ടു. 8 ക്രൂയിസ് മിസൈലുകളും ഇന്നലെ പ്രതിരോധിച്ചു. യുദ്ധം തുടങ്ങി ഒരാഴ്ചയ്ക്കിടെ 205 ബാലിസ്റ്റിക് മിസൈലുകൾ, 1184 ഡ്രോണുകൾ എന്നിവയാണ് യുഎഇ നേരിട്ടത്. ബാലിസ്റ്റിക് മിസൈലുകളിൽ 13 എണ്ണം കടലിൽ പതിച്ചു, 2 എണ്ണം രാജ്യത്തു വീണു. ഡ്രോണുകളിൽ 74 എണ്ണവും വിവിധ ഭാഗങ്ങളിൽ പതിച്ചു. ഇതുവരെ യുദ്ധത്തിൽ പരുക്കേറ്റവരുടെ എണ്ണം 112 ആയി. മരണം 3.
∙ മിസൈൽ ആക്രമണത്തിൽ തീപടർന്ന ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിലെ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. മിസൈലിന്റെ ചീളുകൾ വീണാണ് ഇവിടെ തീ പടർന്നത്.



