ചൈനയുടെ ‘മാൻപാഡ്സ്’ മിസൈലുകൾ വാങ്ങാൻ ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കൈയിൽവെച്ച് തൊടുത്തുവിടാവുന്ന തരത്തിലുള്ള ‘മാൻപാഡ്സ്’ (MANPADS) എന്ന് വിളിക്കപ്പെടുന്ന മിസൈലുകൾ ഇറാൻ സൈന്യത്തിന് അമേരിക്കയുമായുള്ള കരയുദ്ധത്തിന് കരുത്താകുമെന്നാണ് പറയപ്പെടുന്നത്. ചൈനയിൽനിന്ന് ഏകദേശം 1000ത്തിലധികം മാൻപാഡ്സ് ഇറാൻ വാങ്ങാൻ പോകുന്നതായി സി.എൻ.എൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരിട്ട് നൽകുന്നതിനുപകരം മധ്യേഷ്യൻ രാജ്യങ്ങൾ വഴി ഇവ ഇറാനിലെത്തിക്കാനാണ് നീക്കം. ചൈനയുടെ ക്യു.ഡബ്ല്യൂ-2, ക്യു.ഡബ്ല്യൂ-18 എന്നീ മോഡലുകളാണ് ഇറാൻ ലക്ഷ്യമിടുന്നത്. അത്യാധുനിക അമേരിക്കൻ യുദ്ധവിമാനങ്ങളെ പോലും തകർക്കാൻ ശേഷിയുള്ള ഇവ, വരാനിരിക്കുന്ന ഒരു കരയുദ്ധത്തിൽ അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായേക്കാം.
‘മാൻ പോർട്ടബ്ൾ എയർ ഡിഫൻസ് സിസ്റ്റം’ എന്നതിന്റെ ചുരുക്കരൂപമാണ് മാൻപാഡ്സ്. ഒരു സൈനികന് സ്വന്തം തോളിൽവെച്ച് വിമാനങ്ങൾക്ക് നേരെ തൊടുക്കാനാവുന്ന ചെറിയ മിസൈലുകളാണിവ. പൊതുവെ ഭാരം കുറഞ്ഞതും, എളുപ്പത്തിൽ ഒളിപ്പിച്ചുവെക്കാവുന്ന തരത്തിലുമുള്ള കുഞ്ഞൻ മിസൈലുകൾ.
ലക്ഷ്യസ്ഥാനം കണ്ടെത്തുന്ന രീതിയെ അടിസ്ഥാനമാക്കി ഇത് മൂന്ന് ഇനത്തിലുണ്ട്. വിമാനത്തിന്റെ ചൂട് തിരിച്ചറിഞ്ഞ് ലക്ഷ്യത്തെ പിന്തുടരുന്ന ഇൻഫ്രാറെഡ് സിസ്റ്റം, സൈനികർ നേരിട്ട് നിയന്ത്രിക്കുന്ന ലൈൻ-ഓഫ്-സൈറ്റ് രീതി, ലേസർ രശ്മികൾ ഉപയോഗിച്ച് ലക്ഷ്യസ്ഥാനം നിർണയിക്കുന്ന ലേസർ ബീം സംവിധാനം എന്നിങ്ങനെ ഈ മാൻപാഡ് മിസൈലുകളെ നിയന്ത്രിക്കാനാകും.



