കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം ഊർജിതമാക്കി സിബിഐ. സിബിഐ ഫോറൻസിക് സംഘം നാളെ വയനാട്ടിലെത്തും. അന്വേഷണ സംഘത്തിലെ മുഴുവൻ പേരും നാളെ പൂക്കോട് സർവകലാശാലയിലെത്തും. സിദ്ധാര്‍ത്ഥന്റെ മരണ ദിവസം സ്ഥലത്തുണ്ടായിരുന്നവരോട് നാളെ ഒമ്പത് മണിക്ക് കോളേജിലെത്താൻ സംഘം നിർദേശിച്ചിട്ടുണ്ട്.
കണ്ണൂരിൽ നിന്നെത്തിയ എസ്പിയുടെ നേതൃത്വത്തിലുള്ള നാലംഗ സിബിഐ സംഘമായിരുന്നു പ്രാഥമിക അന്വേഷണം നടത്തിയത്. കോളേജിലും ഹോസ്റ്റൽ മുറിയിലും കുന്നിൻപുറത്തുമെല്ലാം സിബിഐ സംഘം അന്വേഷണം നടത്തിയിരുന്നു. കൂടാതെ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊലീസിൽ നിന്ന് കൈമാറി കിട്ടാനുള്ള നടപടികളും കൈകൊണ്ടു. കേസ് കൊച്ചിയിലെ സി ബി ഐ കോടതിയിലേക്ക് മാറ്റും. കൂടാതെ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശിന്റെയും അമ്മാവന്‍ ഷിബുവിന്റെയും മൊഴിയെടുപ്പ് നടന്നിരുന്നു. വയനാട് വൈത്തിരിയിലെ സിബിഐ ക്യാമ്പ് ഓഫീസിലായിരുന്നു മൊഴിയെടുപ്പ്. അന്വേഷണ സംഘം വിശദമായ മൊഴിയാണ് രേഖപ്പെടുത്തിയത്.