റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനി കൂടുതൽ കുരുക്കിലേക്ക്. ബാങ്കിൽ നിന്ന് വായ്പ എടുത്ത് തിരിമറി നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധ ഇടങ്ങളിലായി റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട 40ലേറെ വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. അദ്ദേഹത്തിന്റെ മുംബൈ പാലി ഹില്ലിലെ ആഡംബര വസതി ഉൾപ്പെടെ മൊത്തം 3,084 കോടിയുടെ വസ്തുവകകൾ ഇതിലുൾപ്പെടും.
പണം തിരിമറി തടയൽ നിയമപ്രകാരം (പിഎംഎൽഎ) ഡൽഹി, നോയിഡ, മുംബൈ, ഗാസിയാബാദ്, പൂനെ, താനെ, ചെന്നൈ, വിശാഖപട്ടണം, കാഞ്ചീപുരം, ഹൈദരാബാദ്, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലെ ഓഫിസ് സമുച്ചയങ്ങൾ, ഭവന സമുച്ചയങ്ങൾ, സ്ഥലം എന്നിവയാണ് ഇ.ഡി കണ്ടുകെട്ടിയത്. 2017-19 കാലത്ത് യെസ് ബാങ്കിൽനിന്ന് അനധികൃതമായി റിലയൻസിന്റെ ഉപകമ്പനികളായ റിലയൻസ് ഹോംഫിനാൻസ്, റിലയൻസ് കൊമേഴ്സ് ഫിനാൻസ് എന്നിവയിലേക്ക് വായ്പ തരംപെടുത്തിയെന്നും മറ്റൊരു കമ്പനിയായ റിലയൻസ് നിപ്പോൺ മ്യൂച്വൽഫണ്ടിൽ പൊതുനിക്ഷേപകർ നിക്ഷേപിച്ച പണം ഇതിനു പ്രത്യുപകാരമായി യെസ് ബാങ്കിന്റെ നിക്ഷേപപദ്ധതികളിലേക്ക് മാറ്റിയെന്നും ഉൾപ്പെടെയുള്ള ചട്ടലംഘനങ്ങളാണ് കേസിന് ആധാരം.
സെബിയുടെ ചട്ടങ്ങൾ കാറ്റിൽപ്പറത്തി അനിൽ അംബാനിയും യെസ് ബാങ്കിന്റെ അന്നത്തെ പ്രമോട്ടർമാരും ചേർന്ന് നടത്തിയ പണംതിരിമറികളാണിതെന്നായിരുന്നു ആരോപണങ്ങൾ. നിക്ഷേപങ്ങൾ പലതും കിട്ടാക്കടമായി മാറിയത് കുരുക്ക് മുറുകാനിടയാക്കി. ഇതിനെല്ലാം പുറമേ, എസ്ബിഐയിൽ നിന്നുൾപ്പെടെ എടുത്ത 14,000 കോടിയുടെ വായ്പ തിരിമറി നടത്തിയതിന് ഇ.ഡിക്ക് പുറമേ സിബിഐയുടെ അന്വേഷണവും നടക്കുന്നുണ്ട്. വസ്തുവകകൾ കണ്ടുകെട്ടിയ ഇ.ഡിയുടെ നടപടിക്ക് പിന്നാലെ, അനിലിന്റെ റിലയൻസ് ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരിവില ഇന്ന് തകർന്നടിഞ്ഞു.



