തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കര സമരത്തിൽ സിഐടിയുവിനെതിരെ ഐഎന്‍ടിയുസി. സമരത്തിൽ സിഐടിയുവിൻ്റേത് ഇരട്ട നിലപാടാണെന്നാണ് ഐഎന്‍ടിയുസിയുടെ വിമര്‍ശനം. ഒരുമിച്ച് സമരം നടത്തേണ്ടവർ സർക്കാരിനൊപ്പം നിൽക്കുകയാണ്. സിഐടിയുവിനെ മാത്രം സർക്കാർ എങ്ങനെ ചർച്ചക്ക് വിളിക്കുമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡൻ്റ് ചോദിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് തുടങ്ങാനായില്ല. സംഘടനകൾ സമരം തുടരുകയാണ്. ഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങിയത്. ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെയാണ് ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുന്നത്. പൊലീസ് സഹായത്തോടെ ടെസ്റ്റ് നടത്താനുള്ള മോട്ടോര്‍ വാഹന വകുപ്പ് നീക്കവും വിജയിച്ചില്ല.
ആലുവയിൽ ടെസ്റ്റ് നടക്കാറുള്ള ഗ്രൗണ്ടിൽ ഡ്രൈവിങ് സ്കൂൾ ഉടമകൾ കഞ്ഞി വെച്ച് സമരം നടത്തുകയാണ്. കോഴിക്കോട് കുന്നമംഗലം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ സംയുക്ത സമരസമിതി പ്രകടനം നടത്തി. ഇന്നും ടെസ്റ്റിന് ആരും എത്തിയില്ല. ഇന്നലെയും ഉദ്യോഗസ്ഥർ മടങ്ങിപ്പോയിരുന്നു. മുട്ടത്തറയിൽ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിംഗ് ടെസ്റ്റിന് വന്ന രണ്ട് പേർ അകത്ത് കയറി.