ന്യുഡൽഹി: ബാങ്ക് ലയന വാർത്തകളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ജീവനക്കാർ ധനകാര്യമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കും എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ബാങ്കിലെ ജീവനക്കാരും ഉപഭോക്താക്കളും നിക്ഷേപകരും ഇത്തരം വാർത്തകളിൽ അസ്വസ്ഥരാണെന്നും ബാങ്ക് ഓഫ് മഹാരാഷ്ട്ര എംപ്ലോയീസ് ആൻഡ് ഓഫിസേഴ്‌സ് ഫെഡറേഷൻ അയച്ച കത്തിൽ പറയുന്നു. വിഷയത്തിൽ വ്യക്തത വരുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
രാജ്യത്ത് പൊതുമേഖലാ ബാങ്കുകൾക്കിടയിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ബാങ്കുകളിലൊന്നാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര. ലാഭ വളർച്ചയിലും വായ്പാവളർച്ചയിലും മറ്റു ബാങ്കുകളേക്കാൾ ഏറെക്കാലമായി ബഹുദൂരം മുന്നിലെത്താനും ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു. രാജ്യത്തെ പൊതുമേഖ ബാങ്കുകളുടെ എണ്ണം 12 ൽ നിന്ന് മൂന്നാക്കി ചുരുക്കാനുള്ള നടപടിയുടെ ഭാഗമായാണ് ലയനം നടപടികളിലേക്ക് കേന്ദ്രസർക്കർ നടക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, പഞ്ചാബ് നാഷ്ണൽ ബാങ്കുകൾ എന്നിവയിലേക്ക് മറ്റ് പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം. നിലവിൽ 12 പൊതുമേഖല ബാങ്കുകളാണ് രാജ്യത്തുള്ളത്. ലയന നടപടികൾ ഈ സാമ്പത്തിക വർഷം അവസാനത്തോടെ ആരംഭിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം



