കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ നിയോജക മണ്ഡലത്തിൽ കെ. സുധാകരനെ സ്ഥാനാർഥിയാകാൻ സാധ്യതയേറി. മണ്ഡലം പിടിച്ചെടുക്കാൻ കെ. സുധാകരനെ ഇറക്കണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി. സുധാകരൻ മത്സരിക്കില്ലെങ്കിൽ മാത്രം മറ്റുള്ളവരെ പരിഗണിച്ചാൽ മതിയെന്നാണ് തീരുമാനം.
കെ. സുധാകരനും സിപിഐഎമ്മും നേർക്കുനേർ പോരാടാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ. സുധാകരന് താൽപ്പര്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സുധാകരനില്ലെങ്കിൽ മാത്രം മറ്റുള്ള നേതാക്കളെ മത്സരിപ്പിക്കാനാണ് നീക്കം. കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരരംഗത്തേക്ക് ഇറങ്ങണമെന്നാണ് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നത്. കണ്ണൂരിൽ കെ സുധാകരൻ വന്നാൽ അത് അഴീക്കോട് മണ്ഡലത്തിലെ വിജയത്തെയും സ്വാധീനിക്കും. രണ്ടു സീറ്റുകളും സുരക്ഷിതമായി വിജയിക്കാൻ ഇതുവഴി സാധിക്കുമെന്നും സുധാകരനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എഐസിസി നേതൃത്വമാണ്.
കെ സുധാകരൻ മത്സരിക്കാൻ തയാറായതായും ഇതു സംബന്ധിച്ച് അടുത്ത സുഹൃത്തുക്കളും നേതാക്കന്മാരുമായും ചർച്ച നടത്തിയതായും സൂചനയുണ്ട്. നിലവിലെ അനുകൂല യു.ഡി.എഫ് തരംഗം വോട്ടുകളായി മാറ്റാൻ ശക്തരായ നേതാക്കളെ മാത്രം കളത്തിലിറക്കാനാണ് യുഡിഎഫ് നീക്കം.



