കൊച്ചി: എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് എന്‍.സി.പിയിലെ അജിത് പവാർ വിഭാഗം മുഖ്യമന്ത്രിക്ക് കത്ത് നൽകും. എ.എൻ മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന എന്‍.സി.പി യോഗമാണ് കത്ത് നൽകാൻ തീരുമാനിച്ചത്.
അജിത് പവാര്‍ വിഭാഗത്തെ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് എല്‍.ഡി.എഫ് നേതൃയോഗത്തിനും കത്തു നൽകും. കൊച്ചിയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വനംവകുപ്പിന്റെ വീഴ്ചകളും യോഗം വിലയിരുത്തി. വനംവകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മന്ത്രിയുടെ ഭാഗത്ത് നിന്നും തികഞ്ഞ അനാസ്ഥയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് മന്ത്രിയെകൂടി പുറത്താക്കണമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നത്.
പകരം പാർട്ടിക്ക് അനുവദിച്ചുള്ള മന്ത്രിസ്ഥാനം തോമസ് കെ തോമസിനെ ഏൽപ്പിക്കണം എന്നും മുഖ്യമന്ത്രിക്ക് നല്‍കാനുള്ള കത്തില്‍ ആവശ്യപ്പെടും. പി.സി.ചാക്കോ എന്‍സിപിയുടെ പേരില്‍ ഇനി എല്‍ഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും യോഗം വ്യക്തമാക്കി.