തിരുവനന്തപുരം: കടമെടുപ്പ് കേസിൽ കേരളത്തിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്കായി ചെലവഴിക്കുന്നത് കോടികൾ. കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കബിൽ സിബൽ ഫീസായി ആവശ്യപ്പെട്ടത് 2.35 കോടി രൂപ. 75 ലക്ഷം രൂപയാണ് ഇതുവരെ സർക്കാർ അനുവദിച്ചത്. നിയമോപദേശത്തിനായി 2021 മുതൽ ഇതുവരെ 93.90 ലക്ഷം രൂപയും സർക്കാർ ചെലവഴിച്ചു. ഈ കാലയളവിൽ സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകർക്കായി 8.25 കോടി രൂപ ചെലവഴിച്ചതായും അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
ഷുഹൈബ് കൊലക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ അഭിഭാഷകർക്ക് വേണ്ടി സർക്കാർ മുടക്കിയത് 96,34,261 രൂപയാണ്. കാസർകോട് പെരിയയിലെ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ സിപിഎമ്മുകാരായ പ്രതികളെ സംരക്ഷിക്കാൻ പുറത്തുനിന്നുള്ള അഭിഭാഷകരെയാണ് സർക്കാർ ഇറക്കിയത്. 1,14,83,132 കോടി രൂപയാണ് ഈ കേസിൽ അഭിഭാഷകർക്കായി ചെലവാക്കിയത്.
88 ലക്ഷം രൂപയാണ് ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകർക്ക് ഫീസായി നൽകിയത്. സുപ്രീം കോടതിയിൽ പെരിയ കേസിൽ സർക്കാരിന് വേണ്ടി ഹാജരായതിന് 24.50 ലക്ഷം രൂപ മനീന്ദർ സിംഗിന് നൽകി. ഷുഹൈബ്, പെരിയ കേസുകളിൽ പ്രതികളായ സിപിഎം പ്രവർത്തകർക്ക് വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 2,11,17,393 (2.11 കോടി) രൂപയാണെന്ന് സർക്കാർ നിയമസഭയെ അറിയിച്ചിരുന്നു.