മോസ്കോ: ഏഷ്യയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കാൻ അമേരിക്ക തായ്‌വാനെ ഉപയോഗിക്കുന്നുവെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആൻഡ്രി റുഡെൻകോ ടാസ് വാർത്താ ഏജൻസിയോട് പറഞ്ഞു. തായ്‌വാനോടുള്ള ചൈനയുടെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യൻ മേഖലയിൽ യുഎസ് ഇടപെടലിൻ്റെ ലക്ഷ്യം ചൈനയെ പ്രകോപിപ്പിക്കുകയും സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് അനുസൃതമായി ഏഷ്യയിൽ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യപരമായി ഭരിക്കുന്ന തായ്‌വാനെ ചൈന സ്വന്തം പ്രദേശമായി കാണുന്നു. എന്നാൽ, തായ്‌വാൻ സർക്കാർ ചൈനീസ് വാദം തള്ളിക്കളയുന്നു. ഔപചാരിക നയതന്ത്ര അംഗീകാരം ഇല്ലെങ്കിലും തായ്‌വാൻ്റെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര പിന്തുണക്കാരനും ആയുധ വിതരണക്കാരനുമാണ് യുഎസ്.
അതേസമയം, റഷ്യയുടെ വാദത്തോട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഇതുവരെ പ്രതികരിച്ചില്ല. സെപ്തംബറിൽ പ്രസിഡൻ്റ് ജോ ബൈഡൻ തായ്‌വാന് 567 മില്യൺ ഡോളർ സൈനിക സഹായത്തിന് അംഗീകാരം നൽകിയിരുന്നു.ഏഷ്യൻ മേഖലയിൽ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനുള്ള യുഎസ് നീക്കത്തെ വിമർശിക്കുന്നതും തായ്‌വാൻ സാഹചര്യം ഉപയോഗിച്ച് ചൈനയെ പ്രകോപിപ്പിക്കാനുള്ള മനഃപൂർവമായ ശ്രമങ്ങളെ തള്ളി, ചൈനക്കൊപ്പം നിൽക്കുമെന്നും റഷ്യ വ്യക്തമാക്കി.