ഉറിയിലെ സൈനിക ക്യാമ്പിൽ സ്ഫോടനം; രണ്ട് സൈനികർക്ക് ദാരുണാന്ത്യം

Global Indian Writer · June 10, 2026 · 1 min read · 0 Comments · 0 Shares

ശ്രീനഗർ: ജമ്മു കശ്മീരിൽ സ്ഫോടനത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഐരോളി സ്വദേശി ചവാൻ വിക്രം ബാലകൃഷ്ണ, ഷാപ്പൂർ സ്വദേശി അർജുൻ ജാദവ് രാജീന്ദ്ര എന്നിവരാണ് മരിച്ചത്. ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് (എൽ.ഒ.സി.) സമീപമാണ് സംഭവം. കഴിഞ്ഞദിവസം വൈകുന്നേരമാണ് അപകടം നടന്നത്. അബദ്ധത്തിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം.

ഉറിയിലെ കമൽകോട്ട് മേഖലയിലുള്ള സൈനിക ക്യാമ്പിലുണ്ടായ സ്ഫോടനത്തിൽ ഇവർ‌ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ഇവരെ വ്യോമമാർഗം ശ്രീനഗറിലെ ബദാമിബാഗ് കന്റോൺമെന്റിലുള്ള സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ഇരുവരും മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

അപകടത്തെക്കുറിച്ച് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നാണ് റിപ്പോർട്ട്. അതേസമയം, സംഭവത്തിൽ സൈന്യത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

Share this story

Leave a Comment

Your comment will be visible after admin approval.