കറാക്കസ് :അമേരിക്കയുമായി ഒപ്പുവെച്ച നിർണ്ണായകമായ ഊർജ്ജ കരാറിന് 25 വർഷത്തെ കാലാവധിയുണ്ടാകുമെന്ന് വെനിസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഔദ്യോഗികമായി അറിയിച്ചു. പ്രതിദിന ക്രൂഡ് ഓയിൽ ഉൽപാദനം 15 ലക്ഷം ബാരലായി ഉയർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കരാറിലൂടെ അമേരിക്കക്ക് വിപുലമായ നിയന്ത്രണം നൽകുന്നുണ്ടെങ്കിലും, രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾക്ക് മേലുള്ള സമ്പൂർണ്ണ പരമാധികാരവും ഉടമസ്ഥാവകാശവും വെനിസ്വേലയിൽ തന്നെ ഭദ്രമായിരിക്കുമെന്നും അവർ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി.
വെനിസ്വേലൻ ഔദ്യോഗിക ടെലിവിഷൻ ചാനലായ ‘വി.ടി.വി’യിലൂടെ വൈകിട്ട് നടത്തിയ സംപ്രേക്ഷണത്തിലാണ് റോഡ്രിഗസ് ഈ “ചരിത്രപ്രധാനമായ” കരാറിനെക്കുറിച്ച് സംസാരിച്ചത്. തകർന്നു കിടക്കുന്ന വെനിസ്വേലൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനും ഈ ഉഭയകക്ഷി കരാർ സഹായിക്കും. 17 തന്ത്രപ്രധാന എണ്ണപ്പാടങ്ങളുടെ വികസനമാണ് 25 വർഷത്തെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം 15 ലക്ഷം ബാരൽ എന്നത് തുടക്കത്തിലെ ലക്ഷ്യം മാത്രമാണെന്നും, എട്ട് പുതിയ എണ്ണ ബ്ലോക്കുകൾ കൂടി വികസിപ്പിച്ച് ഭാവിയിൽ ഇത് ഇനിയും ഉയർത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യമാണ് വെനിസ്വേലയെങ്കിലും, വർഷങ്ങളായുള്ള വികസനമില്ലായ്മയും കടുത്ത ഉപരോധങ്ങളും കാരണം നിലവിൽ പ്രതിദിനം വെറും 12.5 ലക്ഷം ബാരൽ എണ്ണ മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ഈ സാഹചര്യം മുതലെടുത്ത് അമേരിക്കൻ എണ്ണക്കമ്പനികളുടെ സഹായത്തോടെ വെനിസ്വേലയിലെ എണ്ണ ശേഖരത്തിൽ ഭൂരിഭാഗത്തിന്റെയും ഭാഗിക നിയന്ത്രണം കൈക്കലാക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. 6,500 കോടിയിലധികം ബാരൽ തെളിയിക്കപ്പെട്ട എണ്ണ ശേഖരത്തിന്റെ നിയന്ത്രണം സ്വകാര്യ പങ്കാളിത്തത്തോടെ യു.എസ് സ്വന്തമാക്കിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
Leave a Comment
Your comment will be visible after admin approval.