ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ സ്കൈറൂട്ട് എയറോസ്പേസിന്റെ വിക്രം-1 നൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശവും ബഹിരാകാശത്തേക്ക്. ‘വന്ദേ മാതരം’ എന്ന ഒറ്റവരി സന്ദേശമാണ് പ്രധാനമന്ത്രി പോസ്റ്റ്കാർഡിൽ അയച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുക്കണക്കിന് സന്ദേശങ്ങൾക്കൊപ്പമാണ് ഈ കാർഡും വിക്രം-1 ൽ സഞ്ചരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദേശത്തിന് മറുപടിയായി ‘A Billion Dreams…Even More Possibilities’ എന്ന തലക്കെട്ടിൽ സ്കൈറൂട്ട് ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. ഉപഗ്രഹങ്ങൾ മനുഷ്യ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് അതിൽ വിശദീകരിക്കുന്നു. ഇൻർനെറ്റ് സേവനങ്ങൾ വ്യാപിപ്പിക്കുന്നതും കൃത്യമായ നാവിഗേഷൻ സാധ്യമാക്കുന്നതും, കൃഷിയിലും കാലാവസ്ഥാ പ്രവചനത്തിലും ദുരന്തനിവാരണത്തിലും ദേശീയ സുരക്ഷയിലും നിർണയക പങ്കുവഹിക്കുന്നതു മുതൽ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ മത്സ്യബന്ധന മേഖലകൾ കണ്ടെത്താൻ സഹായിക്കുന്നതുവരെയുള്ള നിരവധി മേഖലകളിൽ ഉപഗ്രഹങ്ങളുടെ പ്രാധാന്യം കുറിപ്പിൽ എടുത്തുപറയുന്നു.
കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ, ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ എസ്. സോമനാഥ്, അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല എന്നിവരുടെ ആശംസാ പോസ്റ്റ്കാർഡുകളും വിക്രം-1നോടൊപ്പം ബഹിരാകാശത്തേക്ക് പോകുന്നുണ്ട്.
ഇന്ത്യയുടെ ബഹിരാകാശം സ്വാകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്ത നയപരിഷ്കാരങ്ങളുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് സ്കൈറൂട്ടിന്റെ ദൗത്യം വിലയിരുത്തപ്പെടുന്നത്. സ്വകാര്യ കമ്പനികൾക്ക് ഐ.എസ്.ആർ.ഒ.യുടെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക പിന്തുണയും ലഭ്യമാക്കിയതോടെ സ്റ്റാർട്ടപ്പുകൾക്ക് പുതിയ അവസരങ്ങൾ തുറന്നുകിട്ടി. നിക്ഷേപകരെയും എൻജിനീയർമാരെയും സംരംഭകരെയും ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിൽ ഈ പരിഷ്കാരങ്ങൾ നിർണായകമായി.
പ്രധാനമന്ത്രി മോദി പലവട്ടം ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ നേട്ടങ്ങൾ എടുത്തുപറഞ്ഞിട്ടുള്ളതും സ്കൈറൂട്ടിനെ ഇന്ത്യയുടെ നവീകരണശേഷിയുടെ മികച്ച ഉദാഹരണമായി വിശേഷിപ്പിച്ചതുമാണ്. ഹൈദരാബാദിന്റെ സ്കൈറൂട്ടിന്റെ ആസ്ഥാനം, സംയോജിത ബഹിരാകാശ വാഹനങ്ങളുടെ നിർമാണ കേന്ദ്രം എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു.
Leave a Comment
Your comment will be visible after admin approval.