സുമോദ് തോമസ് നെല്ലിക്കാല
ഫിലാഡൽഫിയ: ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് ഉയർത്തുന്ന ‘വോട്ട് ചോരി’ ആരോപണങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) പെൻസിൽവാനിയ ചാപ്റ്റർ പ്രമേയം പാസാക്കി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കണമെന്നും വോട്ടവകാശ സംരക്ഷണത്തിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രസിഡന്റ് സുമോദ് നെല്ലിക്കാലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ സാബു സ്കറിയ, സെക്രട്ടറി നൈനാൻ മത്തായി, ട്രഷറർ തോമസ്കുട്ടി വർഗീസ്, ഫിലിപ്പോസ് ചെറിയാൻ, ജെയിംസ് പീറ്റർ, ഷാജി സുകുമാരൻ, സുധ കർത്ത, മോടി ജേക്കബ്, ജോയ് തട്ടാർകുന്നേൽ എന്നിവർ സംസാരിച്ചു.
ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പുകൾ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് ക്രമക്കേടുകളോ വോട്ടവകാശ ലംഘനങ്ങളോ നടന്നുവെന്ന ആരോപണങ്ങൾ ഗൗരവത്തോടെ കാണണമെന്നും അവ സംബന്ധിച്ച് സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അന്വേഷണത്തിലെ കണ്ടെത്തലുകൾ പൊതുജനങ്ങളെ അറിയിക്കണമെന്നും ബന്ധപ്പെട്ട അധികാരികൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
‘വോട്ട് ചോരി’ ആരോപണങ്ങളിൽ സത്യം പുറത്തുകൊണ്ടുവരുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുമായി ജനാധിപത്യപരമായി നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. വോട്ടവകാശം സംരക്ഷിക്കുന്നതിനും തിരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള ജനവിശ്വാസം നിലനിർത്തുന്നതിനും ആവശ്യമായ നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ജനങ്ങൾക്ക് നീതി തേടാനുള്ള അവസാന ആശ്രയം നീതിപീഠമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വിഷയത്തിൽ നീതിപീഠം ആവശ്യമായ ഇടപെടലുകൾ നടത്തുകയും ആരോപണങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണമെന്ന് അവർ അഭ്യർത്ഥിച്ചു.
ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഐഒസി പെൻസിൽവാനിയ ചാപ്റ്റർ തുടർന്നും നിലകൊള്ളുമെന്ന് യോഗം പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളിലും പൊതുപ്രവർത്തനങ്ങളിലും അഹിംസയും പരസ്പര ബഹുമാനവും നിയമാനുസരണവും പാലിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.
Leave a Comment
Your comment will be visible after admin approval.