ആഗോള നേതാക്കൾ പങ്കെടുക്കും; സെൻട്രൽ കോസ്റ്റിലെ മലയാളികൾക്ക് പുതിയ കൂട്ടായ്മയുടെ വേദി
സെൻട്രൽ കോസ്റ്റ് (ഓസ്‌ട്രേലിയ): വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) സെൻട്രൽ കോസ്റ്റ് പ്രൊവിൻസിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 3ന് വൈകിട്ട് 5.30ന് നടക്കും. നരാര കമ്യൂണിറ്റി ഹാളിലാണ് (2 Pandala Road, Narrara, NSW 2250) ചടങ്ങ്.
സെൻട്രൽ കോസ്റ്റിലെ മലയാളികളെ ഒരേ വേദിയിൽ അണിനിരത്തി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രൊവിൻസ് പ്രവർത്തനം ആരംഭിക്കുന്നത്. ഡബ്ല്യുഎംസിയുടെ ആഗോള ശൃംഖലയുമായി ചേർന്നു പ്രവർത്തിക്കാനും വിവിധ രാജ്യങ്ങളിലെ മലയാളി സമൂഹങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും ഇതിലൂടെ അവസരമൊരുങ്ങും.
ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ (അമേരിക്ക), ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യൂസ് (ഇന്ത്യ), ഗ്ലോബൽ വൈസ് പ്രസിഡന്റ്–അഡ്മിൻ ജെയിംസ് കൂടൽ (അമേരിക്ക), ഗ്ലോബൽ വൈസ് പ്രസിഡന്റ്–ഫാർ ഈസ്റ്റ് ഏഷ്യ & ഓസ്‌ട്രേലിയ റീജിയൻ അജോയ് കല്ലെങ്കുന്നിൽ, കിരൺ ജെയിംസ് ( ഫാർ ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പൊതുവേദിയിൽ ഒരുമിപ്പിക്കുന്ന ഡബ്ല്യുഎംസിയുടെ പ്രവർത്തനങ്ങൾക്ക് ഓസ്‌ട്രേലിയയിൽ കൂടുതൽ കരുത്തുപകരുന്ന ചുവടുവയ്പ്പായിരിക്കും സെൻട്രൽ കോസ്റ്റ് പ്രൊവിൻസെന്ന് സംഘാടകർ അറിയിച്ചു.
‘ഒന്നിച്ച് വളരാം; ലോകത്തോളം ഉയരാം; വിശ്വ മലയാളിയാകാം’ എന്ന സന്ദേശത്തോടെയാണ് ഉദ്ഘാടനച്ചടങ്ങ്. സെൻട്രൽ കോസ്റ്റിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ മലയാളികളെയും കുടുംബസമേതം ചടങ്ങിലേക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്തു.
RSVP: 0436 988 858, 0450 095 524, 0404 544 859
Leave a Comment
Your comment will be visible after admin approval.