വേൾഡ് മലയാളി കൗൺസിൽ ന്യൂസിലാൻഡ് പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു
ഓക്ലൻഡ്: വേൾഡ് മലയാളി കൗൺസിലിന്റെ ഓക്ലൻഡ്–ന്യൂസിലാൻഡ് പ്രൊവിൻസ് ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ന്യൂസിലാൻഡിലെ മലയാളി സമൂഹത്തെ വേൾഡ് മലയാളി കൗൺസിലിന്റെ ആഗോള ശൃംഖലയുമായി കൂടുതൽ ശക്തമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രൊവിൻസ് പ്രവർത്തനം ആരംഭിച്ചത്.

ഓക്ലൻഡിലെ മൗണ്ട് റോസ്കില്ലിലുള്ള തമിഴ് കമ്മ്യൂണിറ്റി സെന്ററിൽ സെപ്റ്റംബർ 6-ന് നടന്ന ചടങ്ങിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, ഫാർ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് കിരൺ ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.

പുതിയ പ്രൊവിൻസിന്റെ പ്രസിഡന്റായി റോബിൻ കെ. ബാബു, വൈസ് പ്രസിഡന്റായി ഷാൻ ഷാജി കുമാർ, സെക്രട്ടറിയായി ബെൻസി ഫ്രാൻസിസ്, ജോയിന്റ് സെക്രട്ടറിയായി സിംസൺ എബ്രഹാം, ട്രഷററായി ശ്രീകാന്ത് കുരുങ്ങോട്ട് എന്നിവർ ചുമതലയേറ്റു.

കോ-ഓർഡിനേറ്ററായി ഷാജൻ മാത്യു, സ്പോർട്സ് ആൻഡ് ചാരിറ്റി കോ-ഓർഡിനേറ്ററായി നിക്സൺ ഫെലിക്സ്, ആർട്സ് ആൻഡ് വിമൻസ് കോ-ഓർഡിനേറ്ററായി അപർണ ശ്യാം, യൂത്ത് കോ-ഓർഡിനേറ്ററായി അവിൻ ജോയ് എന്നിവരും ചുമതലയേറ്റു.

1995-ൽ ന്യൂജഴ്സിയിൽ തുടക്കം; ഇന്ന് 83 പ്രൊവിൻസുകൾ
1995-ൽ അമേരിക്കയിലെ ന്യൂജഴ്സിയിൽ രൂപംകൊണ്ട വേൾഡ് മലയാളി കൗൺസിൽ, ടി. എൻ. ശേഷൻ, കെ. പി. പി. നമ്പ്യാർ, ലേഖ ശ്രീനിവാസൻ തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിലും മാർഗനിർദേശത്തിലുമാണ് ആഗോള മലയാളികളെ ഒരൊറ്റ വേദിയിൽ അണിനിരത്താനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തനത്തിലൂടെ വിവിധ രാജ്യങ്ങളിലേക്ക് സംഘടനയുടെ പ്രവർത്തനം വ്യാപിച്ചു. ന്യൂസിലാൻഡ് പ്രൊവിൻസ് ഉൾപ്പെടെ വേൾഡ് മലയാളി കൗൺസിലിന് ഇന്ന് ആഗോളതലത്തിൽ 83 പ്രൊവിൻസുകളുണ്ട്.

സാമൂഹിക സേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ, യുവജന-വനിതാ ശാക്തീകരണം എന്നിവയ്ക്ക് മുൻഗണന നൽകി ന്യൂസിലാൻഡ് പ്രൊവിൻസ് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Comment
Your comment will be visible after admin approval.