(എബി മക്കപ്പുഴ)
വാഷിംഗ്ടൺ: അമേരിക്കയിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence) എന്ന സാങ്കേതികവിദ്യ ‘സുപ്പർ ഇന്റലിജൻസ്’ (Super Intelligence) എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇതിനായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രത്യേക എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. പ്രമുഖ സാങ്കേതികവിദ്യാ കമ്പനികളുടെ സി ഇ ഒമാരും വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇനിമുതൽ ഔദ്യോഗിക ആവശ്യങ്ങൾക്കും ഭരണതലത്തിലും എ ഐ എന്നതിന് പകരം എസ് ഐ എന്ന് ഉപയോഗിക്കാനാണ് നിർദ്ദേശം.
ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ, ആന്ത്രോപിക് സി ഇ ഒ ദാരിയ അമോദെയ്, മെറ്റ സി ഇ ഒ മാർക്ക് സക്കർബർഗ്, ഓപ്പൺ എ ഐയുടെ ഗ്രെഗ് ബ്രോക്ക്മാൻ, ഇലോൺ മസ്ക്, എൻവിഡിയ സി ഇ ഒ ജെൻസൻ ഹുവാങ് തുടങ്ങിയ പ്രമുഖരുടെ ഒപ്പുകളും ഈ ഉത്തരവിലുണ്ട്. ഫെഡറൽ ഗവൺമെന്റ് ഉപയോഗിക്കുന്ന സാങ്കേതിക പദാവലികൾ ഇത്തരം ടെക്നോളജികളുടെ അതിരുകളില്ലാത്ത സാധ്യതകളെയും പുരോഗതിയെയും പ്രതിഫലിപ്പിക്കുന്നതായിരിക്കണം എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമം അനുവദിക്കുന്ന പരമാവധി സാഹചര്യങ്ങളിൽ എ ഐ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ പദങ്ങൾക്ക് പകരം എസ് ഐ, സുപ്പർ ഇന്റലിജൻസ് എന്നു തന്നെ ഉപയോഗിക്കണം.
അമേരിക്കയിലെ ഫെഡറൽ ഏജൻസികൾ അവരുടെ ഔദ്യോഗിക വാർത്താവിനിമയങ്ങൾ, വെബ്സൈറ്റുകൾ, റിപ്പോർട്ടുകൾ, നയരേഖകൾ എന്നിവയിലെല്ലാം സുപ്പർ ഇന്റലിജൻസ് അല്ലെങ്കിൽ എസ് ഐ എന്ന് മാത്രം രേഖപ്പെടുത്തേണ്ടിവരും. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളിസി ഡയറക്ടർ മൈക്കൽ ക്രാറ്റ്സിയോസിനാണ് ഇതിന്റെ തുടർന്നുള്ള നടപടികളുടെ ചുമതല.
ഈ പേരുമാറ്റം പുതിയൊരു സാങ്കേതികവിദ്യയുടെ കണ്ടെത്തലിനെ സൂചിപ്പിക്കുന്നില്ല. ടെക്നോളജി മേഖലയിൽ മാനവിക ബുദ്ധിവൈഭവത്തെപ്പോലും മറികടക്കാൻ ശേഷിയുള്ള സാങ്കേതിക സംവിധാനങ്ങളെ പൊതുവെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് സുപ്പർ ഇന്റലിജൻസ്. തൊഴിൽ മേഖലയിലെ ആഘാതം, സൈബർ സുരക്ഷ, ഗവൺമെന്റ് സംവിധാനങ്ങളുടെ സുരക്ഷിതത്വം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെയാണ് അമേരിക്ക ഈ മേഖലയിൽ അതിവേഗ മുന്നേറ്റത്തിന് തുടക്കമിടുന്നത്.
Leave a Comment
Your comment will be visible after admin approval.