വാഷിങ്ടൺ: വൈറ്റ് ഹൗസിന് സമീപത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആയുധധാരിയായ വ്യക്തിയെ സീക്രട്ട് സർവീസ് അറസ്റ്റ് ചെയ്തു. വെനസ്വേലൻ പൗരനായ റോണി യോർഡ്രിക്സ് ഗ്വാനിപ ക്രിനോസ് ആണ് പിടിയിലായത്. 2024ൽ ഇയാൾ അനധികൃതമായാണ് അമേരിക്കയിൽ പ്രവേശിച്ചതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.
വൈറ്റ് ഹൗസിന് സമീപം സംശയാസ്പദമായ രീതിയിൽ കാറിൽ ഇരിക്കുകയായിരുന്ന ഇയാളെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് വധഭീഷണിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. വാഷിങ്ടണിലെത്തി ഡൊണാൾഡ് ട്രംപിനെ കൊലപ്പെടുത്താൻ തന്റെ മനസ്സ് പ്രേരിപ്പിച്ചതായാണ് ഇയാൾ ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. കാറിനുള്ളിൽ നിന്ന് ഒരു റൈഫിളും രണ്ട് കൈത്തോക്കുകളും നിരവധി വെടിയുണ്ടകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ആയുധങ്ങൾ നിയമവിരുദ്ധമായി കൈവശം വെച്ചതിനും, വാഹനം മോഷ്ടിച്ചതിനും, മോഷ്ടിച്ച വസ്തുക്കൾ സൂക്ഷിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ ഇയാൾ യു.എസ്. മാർഷൽസ് സർവീസിന്റെ കസ്റ്റഡിയിലാണ്.
വൈറ്റ് ഹൗസ് പോലുള്ള സുപ്രധാന കേന്ദ്രങ്ങൾക്ക് നേരെ മാനസിക പ്രശ്നങ്ങളുള്ളവരും ആയുധധാരികളുമായ ആളുകളിൽ നിന്നുള്ള ഭീഷണികൾ വർധിച്ചുവരികയാണെന്ന് സീക്രട്ട് സർവീസ് ഡയറക്ടർ സീൻ കറൻ വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.