ന്യൂയോർക്ക്: ഐഫോണിനും സാംസങ്ങിനും അമേരിക്കയുടെ സ്വന്തം ബദൽ എന്ന രീതിയിൽ ഡോണൾഡ് ട്രംപ് അവതരിപ്പിച്ച മൊബൈൽ ഫോൺ വിപണിയിലെത്തുന്നു. ഫോൺ മുൻകൂറായി വാങ്ങിയവർക്ക് ഈ ആഴ്ച മുതൽ ഫോൺ അയച്ചുതുടങ്ങുമെന്ന് ട്രംപ് മൊബൈൽ സിഇഒ പാറ്റ് ഒബ്രിയൻ പറഞ്ഞു. ഫോണിനുവേണ്ടിയുള്ള ബുക്കിങ്ങുകൾ റദ്ദാക്കിയെന്ന വാർത്ത പ്രചരിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം. ഒരു ഇമെയിൽ സന്ദേശത്തിലൂടെയാണ് പാറ്റ് ഒബ്രിയൻ ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽ എല്ലാ മുൻകൂർ ഓർഡറുകളും പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മക്കളായ ട്രംപ് ജൂനിയറും എറിക് ട്രംപും ചേർന്ന് 2025 ജൂണിലാണ് ട്രംപ് മൊബൈൽ പ്രഖ്യാപിച്ചത്. ആറുലക്ഷത്തോളം പേർ ഇതിനായി ബുക്ക് ചെയ്തിരുന്നുവെന്നും ഇവരെല്ലാം വഞ്ചിക്കപ്പെട്ടുവെന്നുമായിരുന്നു കഴിഞ്ഞയാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ. 59 മില്യൺ ഡോളറിലധികം (500 കോടി രൂപയിലേറെ) ബുക്കിങ്ങിലൂടെ കമ്പനിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ആർക്കും ഇതുവരെ ഫോൺ എത്തിച്ചിരുന്നില്ല.
പ്രഖ്യാപനം കഴിഞ്ഞ് 11 മാസമായിട്ടും ഫോൺ പുറത്തിറങ്ങാതിരുന്നതിന്റെ കാരണം എന്താണെന്ന് ഒബ്രിയൻ വ്യക്തമാക്കിയില്ല. അത്ഭുതകരമായ ഒരു ഉല്പന്നമായിരിക്കും ഇതെന്നും അതുകൊണ്ട് ഈ കാലതാമസം വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Leave a Comment
Your comment will be visible after admin approval.