ചെന്നൈ∙ ഐപിഎലിലെ നാലാം വിജയം സ്വന്തമാക്കി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്സിന് തിരിച്ചടിയായി യുവഓൾറൗണ്ടർ രാമകൃഷ്ണ ഘോഷിന്റെ പരുക്ക്. വലതു കാലിനു പരുക്കേറ്റ താരത്തിന് സീസണിലെ ബാക്കിയുള്ള മത്സരങ്ങളെല്ലാം നഷ്ടമാകും. മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തിനിടെയാണ് രാമകൃഷ്ണ ഘോഷിന്റെ കാലിന് പൊട്ടലുണ്ടാകുന്നത്. താരത്തിന്റെ ഐപിഎലിലെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.
മത്സരത്തിന്റെ തുടക്കത്തിൽ മുംബൈ ഓപ്പണർ വിൽ ജാക്സിനെ തകർപ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ ഘോഷ് പുറത്താക്കിയിരുന്നു. തൊട്ടുപിന്നാലെയാണു താരത്തിന് കാലിൽ വേദന അനുഭവപ്പെട്ടത്. യുവതാരത്തിന്റെ പരുക്കിൽ ടീമിന് ആശങ്കയുണ്ടെന്ന് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് മത്സരശേഷം പ്രതികരിച്ചു.‘‘അക്കാദമി സെഷനുകളിൽ മികച്ച രീതിയിലാണ് അദ്ദേഹം പരിശീലിച്ചത്. അപ്രതീക്ഷിതമായുണ്ടായ പരുക്കിൽ സങ്കടമുണ്ട്. രാമകൃഷ്ണഘോഷ് ബാറ്റിങ്ങും ബോളിങ്ങും കൈകാര്യം ചെയ്യാൻ സാധിക്കുന്ന താരമാണ്.’’– ഫ്ലെമിങ് വ്യക്തമാക്കി.
സീസണിലെ ഒൻപതു മത്സരങ്ങളിൽനിന്ന് എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണ് ചെന്നൈ ഉള്ളത്. ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാൽ ചെന്നൈയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷകളുണ്ടായിരുന്നു. അതിനിടെയാണു താരത്തിനു പരുക്കേൽക്കുന്നത്. നേരത്തേ ചെന്നൈ പേസർ ഖലീൽ അഹമ്മദ്, ബാറ്റർ ആയുഷ് മാത്രെ എന്നിവർക്കും പരുക്കേറ്റിരുന്നു. ചെന്നൈ പേസർമാരായ നേഥൻ എല്ലിസ്, സ്പെൻസർ ജോൺസൺ എന്നിവരും പരുക്കിന്റെ പിടിയിലാണ്.
Leave a Comment
Your comment will be visible after admin approval.