ലണ്ടൻ: ബ്രിട്ടനിലെ പ്രശസ്തമായ ഡ്രെയ്ട്ടൺ മാനർ തീം പാർക്കിൽ 13 വയസ്സിന് താഴെയുള്ള 19 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 24 വയസ്സുകാരൻ കുറ്റം സമ്മതിച്ചു. ബർമിങ്ഹാം സ്വദേശിയായ ജോസഫ് ലൂക്ക് ഹാമണ്ടാണ് സ്റ്റാഫോർഡ് ക്രൗൺ കോടതിയിൽ 19 ലൈംഗികാതിക്രമ കുറ്റങ്ങളും സമ്മതിച്ചത്. 2024 മാർച്ച് മുതൽ ഓഗസ്റ്റ് വരെ ഡ്രെയ്ട്ടൺ മാനറിൽ റൈഡ് ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ഹാമണ്ടിനെതിരെ ഒരു പെൺകുട്ടി അനുചിതമായ രീതിയിൽ സ്പർശിച്ചെന്ന പരാതി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ഓഗസ്റ്റിൽ സംഭവം പാർക്ക് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന് ഹാമണ്ടിനെ ഉടൻ ജോലിയിൽ നിന്ന് മാറ്റുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. അതേ ദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിലാണ് 19 പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ കുട്ടികൾ ഇരകളായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തങ്ങളുടെ കുട്ടിയും സമാനമായ സംഭവത്തിന് ഇരയായിട്ടുണ്ടെന്ന് കരുതുന്ന മാതാപിതാക്കളോടും രക്ഷിതാക്കളോടും പൊലീസുമായി ബന്ധപ്പെടാൻ അധികൃതർ ആവശ്യപ്പെട്ടു.
Leave a Comment
Your comment will be visible after admin approval.