80 കൊലപാതകങ്ങൾ സമ്മതിച്ച സീരിയൽ കില്ലർ സ്ത്രീവേഷത്തിൽ പിടിയിൽ

Global Indian Writer · September 17, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ബ്രസീൽ : ബ്രസീലിനെ നടുക്കിയ സംഭവത്തിൽ, 80 കൊലപാതകങ്ങൾ നടത്തിയതായി സമ്മേതിച്ച കുപ്രസിദ്ധ സീരിയൽ കില്ലർ ജോർലാൻ ആൽവ്സ് ഡാ സിൽവ (33) പോലീസ് പിടിയിലായി. സ്ത്രീവേഷം ധരിച്ച് ഒളിവിൽ കഴിയാൻ ശ്രമിക്കവെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.

റിപ്പോർട്ട് അനുസരിച്ച്, ബ്രസീലിലെ വടക്കുകിഴക്കൻ പ്രദേശത്തുള്ള പരൈബാ സംസ്ഥാനത്ത് നടന്ന നാടകീയമായ റെയ്ഡിനൊടുവിലാണ് പ്രതി പിടിയിലായത്. പോലീസിന്റെ കണ്ണുവെട്ടിക്കുന്നതിനായി സ്ത്രീയുടെ വേഷവും നീളമുള്ള വിഗും ധരിച്ചാണ് ഇയാൾ കഴിഞ്ഞിരുന്നത്. എന്നാൽ പോലീസ് നടത്തിയ പരിശോധനയിൽ വിഗ് മാറ്റിയതോടെ ഇയാളുടെ യഥാർത്ഥ രൂപം പുറത്തുവരികയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

താൻ 80 കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ജോർലാൻ അവകാശപ്പെടുന്നത്. എന്നാൽ ഈ വാദം പോലീസ് പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ല.

ഈ അവകാശവാദം സത്യമാണെന്ന് തെളിഞ്ഞാൽ, ‘ബ്രസീലിയൻ ഡെക്സ്റ്റർ’ എന്നറിയപ്പെടുന്ന പെഡ്രോ റോഡ്രിഗസ് ഫിൽഹോയ്ക്ക് ശേഷം ബ്രസീൽ ചരിത്രത്തിലെ ഏറ്റവും വലിയ സീരിയൽ കില്ലറായി ജോർലാൻ മാറും. 71 കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ട ഫിൽഹോ, നൂറിലധികം പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്.

സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയുടെ വെളിപ്പെടുത്തലുകളുടെ നിജസ്ഥിതി ഉടൻ പുറത്തുവരുമെന്നും അധികൃതർ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.