ബെംഗളുരു: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയെ മൂൺ ബേസ് പദ്ധതിയിൽ പങ്കാളിയാകാൻ ക്ഷണിച്ച് നാസ. ഇന്ത്യയിലെ യു.എസ്. എംബസിയും കോൺസുലേറ്റുകളുമാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആർട്ടെമിസ് ഉടമ്പടിക്ക് കീഴിൽ ഇന്ത്യയും യു.എസും തമ്മിലുള്ള ബഹിരാകാശ രംഗത്തെ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് യു.എസ്. എംബസി അറിയിച്ചു. ആർട്ടെമിസ് ഉടമ്പടിക്ക് കീഴിൽ, തുറന്ന ശാസ്ത്രീയ വിവരങ്ങൾ പങ്കുവെക്കുന്നതിനുള്ള സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനും ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്.
ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ നടന്ന ഒമ്പതാമത് ഇന്ത്യ-യു.എസ്. സിവിൽ സ്പേസ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് (CSJWG) യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ നടന്നത്. ഭാവിയിലെ സിവിൽ-കൊമേഴ്സ്യൽ ബഹിരാകാശ സഹകരണം, ശാസ്ത്ര പരീക്ഷണങ്ങൾ, മനുഷ്യനെ ബഹിരാകാശത്ത് അയക്കുന്നതിനുള്ള സാങ്കേതിക പങ്കാളിത്തം എന്നിവ ശക്തിപ്പെടുക തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപത്തായി മനുഷ്യരുടെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുന്ന മൂൺ ബേസ് നിർമിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ശാസ്ത്രീയ പരീക്ഷണ- ഗവേഷണ ദൗത്യങ്ങളും പുതിയ കണ്ടെത്തലുകളും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നതിനൊപ്പം ഭാവിയിൽ ചൊവ്വയിലേക്കുള്ള മനുഷ്യന്റെ ദൗത്യങ്ങൾക്ക് അടിത്തറയിടാനും നാസ ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നു. 2023 ജൂൺ 21-നാണ് ഇന്ത്യ ആർട്ടെമിസ് ഉടമ്പടിയിൽ ഒപ്പുവെച്ചത്. ഉടമ്പടിയിൽ ഒപ്പുവെക്കുന്ന 27-ാമത് രാജ്യമാണ് ഇന്ത്യ.
Leave a Comment
Your comment will be visible after admin approval.