ദുബായ്: രാജ്യത്തിനകത്ത് നിന്ന് വിസിറ്റ് വിസ പുതുക്കുന്നതിനുള്ള സംവിധാനം ദുബായ് താൽക്കാലികമായി നിർത്തിവച്ചു. ട്രാവൽ ഏജൻസികളാണ് ഇക്കാര്യം അറിയിച്ചത്. നിയമം മാറിയതോടെ കാലാവധി കഴിഞ്ഞ സന്ദർശകവിസക്കാർ മാതൃരാജ്യത്തേക്കോ അയൽ രാജ്യത്തേക്കോ പോയി പുതിയ വിസയിൽ തിരിച്ചെത്തേണ്ടിവരും.
യുഎഇയിലെ വിനോദസഞ്ചാരികൾക്ക് വിസ മാറണമെന്നുണ്ടെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന മുമ്പുണ്ടായിരുന്നെങ്കിലും കൊവിഡ് കാലത്ത് യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇതിന് ഇളവ് നൽകിയിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് അധികൃതർ ഈ ഇളവ് നിർത്തലാക്കിയത്. എങ്കിലും ദുബായ് എമിറേറ്റിൽ നിന്നുള്ളവർക്ക് രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വിസ മാറാനുള്ള സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ഇതാണിപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.
തങ്ങൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി ട്രാവൽ ഏജൻറ്മാർ വ്യക്തമാക്കി. നിയമം മാറിയതോടെ കാലാവധി കഴിഞ്ഞ സന്ദർശകവിസക്കാർ മാതൃരാജ്യത്തേക്കോ അയൽ രാജ്യത്തേക്കോ പോയി പുതിയ വിസയിൽ തിരിച്ചെത്തേണ്ടിവരും. അതേസമയം അയൽ രാജ്യങ്ങളിലേക്ക് പോകാനുള്ള യാത്ര നിരക്ക് വർദ്ധിച്ചത് സാധാരണക്കാർക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് കുത്തനെ വർധിപ്പിച്ചതിനാൽ ബസ്സിൽ എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഒമാനാണ് ഭൂരിഭാഗം ആളുകളും വിസ മാറുന്നതിനായി തെരഞ്ഞെടുക്കുന്നത്.
കൃത്യസമയത്ത് വിസ മാറാൻ കഴിഞ്ഞില്ലെങ്കിൽ പിഴ അടക്കേണ്ടി വരും. അതിനാൽ തന്നെ വിസ കാലാവധി കഴിയുന്നതിനു മുമ്പ് വേണ്ട മുൻകരുതൽ സ്വീകരിക്കുമെന്നും ഏജൻസികൾ വ്യക്തമാക്കി.